പി.എസ്.സി കോഴ; പ്രമോദ് കോട്ടൂളി നിയമ പോരാട്ടത്തിന്
text_fieldsകോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ സി.പി.എമ്മിനെതിരെ പോർമുഖം തുറന്ന് പുറത്താക്കപ്പെട്ട ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. ഭരണഘടന സ്ഥാപനത്തിന്റെ മറവിൽ നടന്ന അഴിമതിയാരോപണത്തിൽ പൊലീസ് ഉൾപ്പെടെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്ന് പ്രമോദ് വ്യക്തമാക്കി.
പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരും. തനിക്കെതിരായ കോഴ ആരോപണത്തിൽ ആര്, ആർക്ക്, എപ്പോൾ, എവിടെവെച്ച് പണം നൽകിയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകൻ മുഖേന സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകുക. പാർട്ടി അന്വേഷണം നടത്തി തനിക്കെതിരെ മാത്രം നടപടി സ്വീകരിച്ചാൽ തീരുന്നതല്ല പ്രശ്നം, പൊലീസ് അന്വേഷിച്ച് എല്ലാവർക്കുമെതിരെ നിയമ നടപടി കൈക്കൊള്ളട്ടെ എന്ന നിലപാടിലാണ് പ്രമോദ്.
ജില്ല കമ്മിറ്റി പുറത്താക്കാൻ തീരുമാനിച്ചപ്പോൾ തന്നെ പണം കൊടുത്തതാര്, ആർക്ക്, എവിടെ വെച്ച് എന്ന് പറയണമെന്ന് പ്രമോദ് പരസ്യമായിതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാതെ പി.എസ്.സി സംബന്ധിച്ച പരാതിയില്ലെന്നും പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിനാണ് പുറത്താക്കിയതെന്നുമാണ് ജില്ല സെക്രട്ടറി പി. മോഹനൻ വിശദീകരിച്ചത്.
അതേസമയം, ജില്ലയിലെ പ്രധാനപ്പെട്ട ഒരുനേതാവിനെ പുറത്താക്കുമ്പോൾ അതിന്റെ കാരണം പറയേണ്ടതല്ലേ എന്ന ചോദ്യം നേതൃത്വത്തിനെതിരെ പ്രവർത്തകരിൽ നിന്നടക്കം ഉയരുന്നുണ്ട്. ഇതോടെ, പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിലും പാർട്ടി വേദികളിൽ പുറത്താക്കലിന്റെ കാരണം നേതൃത്വം വിശദീകരിക്കേണ്ടിവരുമെന്നുറപ്പായി.
അതിനിടെ, പ്രമോദിനെ പുറത്താക്കിയത് ഫേസ്ബുക്കിലിട്ട സി.പി.എം നേതാവ് ഇ. പ്രേംകുമാറിന്റെ പോസ്റ്റിനു താഴെ ‘പ്രേമൻ എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’ എന്ന് പ്രമോദ് കോട്ടൂളി കമന്റിട്ടതും ചർച്ചയാവുകയാണ്. വരുംനാളിൽ കൂടുതൽ നേതാക്കൾക്കെതിരെ രംഗത്തുവരുമെന്നതിന്റെ സൂചനയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. കോഴയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ആരോപണം ഉന്നയിച്ചയാളെക്കൊണ്ടുതന്നെ പറയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരാതിക്കാരൻ ശ്രീജിത്തിന്റെ ചേവായൂരിലെ വീടിനു മുന്നിൽ പ്രമോദും അമ്മയും മകനും ശനിയാഴ്ച പ്രതിഷേധിച്ചത്. അതിനിടെ, ആരോപണത്തിൽ പൊലീസ് കേസുണ്ടാവാതിരിക്കാൻ സി.പി.എം അനുനയ നീക്കം നടത്തുന്നതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.