വൈദ്യുതി ബിൽ തുകയുടെ പകുതി പി.ടി.എ നൽകണം; തീരുമാനം പുനഃപരിശോധിക്കണം
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളുടെ വൈദ്യുതി ബിൽ തുകയുടെ പകുതി സ്കൂൾ പി.ടി.എ നൽകണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ല പഞ്ചായത്ത് യോഗത്തിൽ ആവശ്യം. ജില്ല പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വൈദ്യുതി ബിൽതുക ജില്ല പഞ്ചായത്ത് തന്നെയാണ് അടക്കേണ്ടതെന്നും പാവപ്പെട്ട വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന തുക ഇതിനായി ഉപയോഗിക്കരുതെന്നും ദുൽഖിഫിൽ ആവശ്യപ്പെട്ടു. മറ്റ് അംഗങ്ങളും ഇതിനെ പിന്തുണച്ചു.
എന്നാൽ, സ്കൂൾ സമയം കഴിഞ്ഞും പലയിടത്തും ഫാനും ലൈറ്റുമെല്ലാം ഓഫാക്കാതെ പോകുന്നുണ്ടെന്നും അതിനാൽ സ്കൂൾ അധികൃതർക്കുകൂടി ഉത്തരവാദിത്തം വരട്ടെയെന്ന നിലക്കാണ് ബിൽതുകയുടെ പകുതി പി.ടി.എയിൽനിന്ന് ഈടാക്കാൻ നേരത്തേ ജില്ല പഞ്ചായത്ത് തീരുമാനിച്ചതെന്നും പ്രസിഡന്റ് ഷീജാ ശശി വിശദീകരിച്ചു. എന്നാൽ, അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
സ്കൂൾ കൗൺസിലർമാർക്കുള്ള രണ്ടു മാസത്തെ ഓണറേറിയം അടിയന്തരമായി നൽകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ബിൽ യഥാസമയം നൽകാത്തതിനാൽ ട്രഷറിയിൽനിന്ന് പണം ലഭിക്കാത്ത അവസ്ഥയുണ്ടാകരുതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. എന്നാൽ, ഇതുവരെയുള്ള പണം നൽകിയിട്ടുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വിശദീകരണം.
അവർ ജോലി ചെയ്തതിന്റെ ശമ്പളമാണ് നൽകിയതെന്നും ആരുടെയും ഔദാര്യമല്ല നൽകിയതെന്നും രാജീവ് പെരുമൺപുറ പറഞ്ഞു. യഥാസമയം പണം നൽകുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പന്നൂർ ജി.എച്ച്.എസ്.എസിൽ പുതിയ കിണർ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തിട്ടു 10 മാസമായെങ്കിലും മോട്ടോർ സ്ഥാപിച്ചിട്ടില്ല. സ്കൂൾ തുറക്കുന്നതിനു മുമ്പായി മോട്ടോർ സ്ഥാപിക്കണമെന്ന് പി.ടി.എം. ഷെറഫുന്നീസ ആവശ്യപ്പെട്ടു. ഇതിനായി പലതവണ ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഇവിടെ കെട്ടിടം പൊളിച്ചതുൾപ്പെടെയുള്ള മണ്ണെടുത്ത് ഗ്രൗണ്ട് നവീകരിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മണ്ണു മാറ്റാത്തതിനാൽ ഇവിടെ മഴ പെയ്യുമ്പോഴേക്കും വെള്ളക്കെട്ടാണ്. അതിനാൽ അടിയന്തരമായി മണ്ണ് മാറ്റണമെന്നും മെംബർ ആവശ്യപ്പെട്ടു.
കായക്കൊടി പഞ്ചായത്തിലെ നെല്ലിലായി കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള കുളം കുഴിച്ചതിൽ ക്രമക്കേട് നടന്നതായി പരാതിയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സി.എം. യശോദ ആവശ്യപ്പെട്ടു. മൂന്നു മീറ്റർ ആഴത്തിൽ കുഴിക്കുന്നതിനു പകരം 1.10 മീറ്റർ മാത്രം ആഴത്തിൽ മാത്രമാണ് കുഴിച്ചത്.
ഇതേതുടർന്ന് 55 ലക്ഷം രൂപയുടെ പ്രവൃത്തി നിർത്തിവെക്കാൻ എക്സിക്യൂട്ടിവ് എൻജിനീയർ നിർദേശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു
വിദ്യാലയങ്ങളോട് ചേർന്നുള്ള അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ യോഗം തീരുമാനിച്ചു. ഓരോ സ്കൂളുകളിലും അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികൾ നോക്കി അതിനുള്ള തുക എത്രയെന്നു കണക്കാക്കും. ഇത്തരം പ്രശ്നങ്ങളുള്ള സ്കൂളുകളുടെ പട്ടിക ലഭ്യമാക്കുന്നതിൽ ഡിവിഷൻ മെംബർമാർ പ്രത്യേക ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.