ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കായി പൊതു അടുക്കള
text_fieldsകോഴിക്കോട്: ജോലിക്ക് പോകുന്ന വീട്ടമ്മമാരുടെ ഭാരം ലഘൂകരിക്കാൻ പൊതു അടുക്കളകൾ ഒരുങ്ങുന്നു. കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കാനുള്ള തിരക്കും കുടുംബത്തിന് വൈകുന്നേരം വരെയുള്ള ഭക്ഷണം തയാറാക്കലുമെല്ലാം കഴിഞ്ഞാണ് ഭൂരിഭാഗം വീട്ടമ്മമാരും ജോലിക്ക് പോകുന്നത്. ഇവർക്ക് അനുഗ്രഹമാകുകയാണ് പൊതു അടുക്കളകൾ. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ സമൂഹ അടുക്കളകൾ പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിലെ നരിപ്പറ്റ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടുക്കളകൾ ജൂലൈ പകുതിയോടെ പ്രവർത്തനമാരംഭിക്കും. ഈ ഉദ്യമം വിജയിച്ചാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.
ജില്ല പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമാണ് പദ്ധതി. ജോലിക്ക് പോകുന്നവർക്ക് ആശ്വാസമാകുന്നതിന് പുറമെ കുറേ പേർക്ക് തൊഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ല പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിപ്രകാരം 20 ലക്ഷം രൂപയാണ് രണ്ട് അടുക്കളകൾക്കായി അനുവദിച്ചത്. 'അന്നമിത്ര' എന്നുപേരിട്ട പദ്ധതിയുടെ നടത്തിപ്പുചുമതല കുടുംബശ്രീക്കാണ്. പ്രതിദിനം 1000-1500 പേർക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള ഉപകരണങ്ങളാണ് വാങ്ങിയത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഓർഡറനുസരിച്ച് പാഴ്സലായി വീടുകളിൽ എത്തിക്കും. ഇതിനുപുറമെ കാറ്ററിങ് സംവിധാനം നടപ്പാക്കാനും പദ്ധതിയുണ്ട്. വീടുകളിലെ പരിപാടികൾക്കായി ഭക്ഷണം ബുക്ക് ചെയ്യുന്നവർക്കും തുണിക്കടകൾ, ആശുപത്രികൾ തുടങ്ങിയ തൊഴിലിടങ്ങളിലേക്കുമെല്ലാം ആവശ്യാനുസരണം ഭക്ഷണം എത്തിക്കാനും പദ്ധതിയുണ്ട്.
പത്ത് സംരംഭകർ അടങ്ങുന്ന സംഘമാണ് നരിപ്പറ്റയിലും പേരാമ്പ്രയിലും പ്രവർത്തിക്കുക. ഇതിന് പുറമെ മുപ്പതോളം പേർക്ക് തൊഴിലും ലഭിക്കും. കുറേപേർക്ക് ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുന്നതുകൊണ്ട് കുറഞ്ഞ ചെലവിൽ കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. കെട്ടിടം സജ്ജമാക്കുന്നതിന്റെ അവസാനപണികൾ പുരോഗമിക്കുന്നു. ബാലുശ്ശേരിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരമൊരു സംരംഭം പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് നിലവിലുണ്ടായിരുന്ന സമൂഹ അടക്കളകൾ വൻ വിജയമായതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.