വെള്ളയിലെ മലിനജല സംസ്കരണ കേന്ദ്രത്തിനെതിരെ ജനരോഷം
text_fieldsകോഴിക്കോട്: വെള്ളയിൽ പുതിയകടവ് ആവിക്കൽ തോടിന് സമീപം നിർമിക്കുന്ന മലിനജല സംസ്കരണ കേന്ദ്രത്തിനെതിരെ സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സിൽ ജനരോഷമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പദ്ധതി പ്രദേശത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. ഡോ.പി. ആസാദ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി. ദാവൂദ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, ഡി.ഡി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഉപനേതാവ് കെ. മൊയ്തീൻ കോയ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ആർ.എം.പി കേന്ദ്ര സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ, ജനതാദൾ എസ് ജില്ല കമ്മിറ്റി അംഗം ഹർഷൻ കാമ്പുറം, ഐ.എസ്.എം ജില്ല പ്രസിഡന്റ് ഇഖ്ബാൽ ചെറുവാടി, സി.പി. മുഹമ്മദ്(വെൽഫെയർ പാർട്ടി), ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, സുധീഷ്(എസ്.എൻ.ഡി.പി) എന്നിവർ സംസാരിച്ചു. സമരസമിതി ജനറൽ കൺവീനർ ഇർഫാൻ ഹബീബ് സ്വാഗതം പറഞ്ഞു. സമരത്തിൽ നിന്ന് പിന്നോട്ട് പോവേണ്ടതില്ലെന്നും പ്രദേശത്തു നിന്ന് പദ്ധതി ഒഴിവാക്കുന്നതു വരെ പ്രതിഷേധം ശക്തമാക്കാനുമാണ് പരിപാടിയിൽ തീരുമാനമായത്.
പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ തുടർപ്രവൃത്തികൾ ഒരാഴ്ചത്തേക്ക് താൽകാലികമായി നിർത്തിവെക്കാൻ ജനപ്രതിനിധികളുടെ യോഗം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ ആശങ്ക അകറ്റാൻ പ്രദേശവാസികളുമായും സമരസമിതിയുമായും വീണ്ടും ചർച്ചകൾ നടത്താനായിരുന്നു കോർപറേഷന് ഉദ്ദേശിച്ചിരുന്നത്. ഈ കാലയളവിൽ തുടർ പ്രവൃത്തികൾക്കായി ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്ക് വരില്ലെന്നും തീരുമാനിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികളുടെ ഭാഗമായി പ്രദേശത്തേക്കെത്തിച്ച മണ്ണ് പരിശോധന വാഹനം നാട്ടുകാർ തടഞ്ഞതോടെ തിങ്കളാഴ്ച വലിയ സംഘർഷമുണ്ടായിരുന്നു.
പള്ളിക്കണ്ടിയിലെ പ്ലാന്റിനെതിരെയും പ്രതിഷേധം; മേയറുടെ യോഗത്തിൽ ഇറങ്ങിപ്പോക്ക്
കോഴിക്കോട്: വെള്ളയിൽ മലിനജല സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ പള്ളിക്കണ്ടിയിൽ പണിയുന്ന അമൃത് പദ്ധതിയിലെ മറ്റൊരു പ്ലാന്റിനെപ്പറ്റി വിശദീകരിക്കാൻ മേയർ ബീന ഫിലിപ്പ് വിളിച്ച യോഗത്തിൽനിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായി പുഴയിൽ പ്ലാന്റ് നടപ്പാക്കാൻ കൗൺസിൽ ഹാളിൽ വിളിച്ച യോഗമാണ് ബഹിഷ്കരിച്ചത്. പ്ലാന്റ് സ്ഥാപിക്കുന്നത് കോതിയിലെന്ന് പദ്ധതിയിൽ കാണിക്കുകയും പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായി പുഴയിൽ നടപ്പാക്കാൻ സ്ഥലം അടയാളപ്പെടുത്താൻ ഉദ്യോഗസ്ഥർ വന്നതിലുമുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പുഴയിൽ സി.ആർ.ഇസെഡ് നിയമം ലംഘിച്ചും ജനവാസ മേഖലയിലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധിച്ചർ പറഞ്ഞു. അഞ്ചുമണിക്ക് ആരംഭിച്ച യോഗത്തിൽ കോർപറേഷൻ വിദഗ്ധർ വിശദീകരിക്കുന്നതിനു പകരം പദ്ധതി നടപ്പാക്കുന്ന കമ്പനിയുടെ പ്രതിനിധി മറുപടി പറഞ്ഞതിലും പ്രതിഷേധമുയർന്നു. വിവിധ സംഘടനാ പ്രതിനിധികളുടെ യോഗമായിരുന്നു മേയർ കോർപറേഷൻ കൗൺസിൽ ഹാളിൽ വിളിച്ചത്.
ഫൈസൽ പള്ളിക്കണ്ടി, (കല്ലായി പുഴ സംരക്ഷണ സമിതി ), എൻ.വി. ശംസു (സംഗമം റസിഡന്റ്സ് ) എം.പി. ഷർഷാദ് (അഴീക്കൽ വായനശാല ), എം.പി.എ സിദ്ദീഖ് ( യൂത്ത് കോൺഗ്രസ് ) കെ.ടി.സിദ്ദീഖ് (മുസ്ലിംലീഗ്), പി.അറഫാത്ത് (യൂത്ത് ചേംബർ), പി.പി. ഉമ്മർകോയ (കോൺഗ്രസ് ) റഹനിഷ് എൻ.വി, എം.പി.ഹംസക്കോ, ടി.വി. അസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ഇറങ്ങിപ്പോക്ക്. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തുടർ നടപടിയായി അടുത്ത ദിവസം മേയറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കും. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കൗൺസിലർ പി. മുഹ്സിന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.