പൊതുടാപ്പുകൾ പേരിനായെങ്കിലും ബിൽ കുറയുന്നില്ല
text_fieldsകോഴിക്കോട്: നഗരത്തിൽ പൊതുടാപ്പുകളിൽ നിന്ന് വെള്ളമെടുക്കുന്നത് പാതിയിലേറെ കുറഞ്ഞിട്ടും ജല അതോറിറ്റിക്കുള്ള കോർപറേഷന്റെ കുടിശ്ശിക 30 കോടി രൂപയിലെത്തി. നേരത്തേയുള്ള 44.09 കോടി രൂപയുടെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ വഴി പരിഹരിച്ചതിന് ശേഷവും 30 കോടി കൂടി ബാക്കിയുണ്ടെന്നാണ് കണക്ക്.
മുമ്പ് നഗരത്തിൽ പൊതുടാപ്പുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. വീടുകളും ഹോട്ടലുകളുമെല്ലാം പൊതുടാപ്പിനെ ആശ്രയിച്ചിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി വഴി മിക്ക വീട്ടിലും പൈപ്പ് കണക്ഷൻ എത്തിയിട്ടും വാട്ടർ അതോറിറ്റി പഴയ പടി കരം ഈടാക്കുകയാണെന്നാണ് പരാതി. പലയിടത്തും പൊതുടാപ്പുകൾ അപ്രത്യക്ഷമായി. എവിടെയെല്ലാമാണ് ടാപ്പുകളുള്ളതെന്ന വ്യക്തമായ രേഖകളും ലഭ്യമല്ല. സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും ഇതേ പ്രശ്നമുണ്ട്. പലേടത്തും വാട്ടർ അതോറിറ്റി റവന്യൂ റിക്കവറി നടപടിയും തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിലെ ടാപ്പുകളെപ്പറ്റി കോർപറേഷനും വാട്ടർ അതോറിറ്റിയും വളരെക്കാലമായി ചർച്ച നടന്നുവരുകയാണ്. നൂറുകണക്കിന് ടാപ്പുകൾ ഉപയോഗിക്കാതെ കിടക്കുന്നവയാണെന്നാണ് കരുതുന്നത്. പ്രവർത്തിക്കാതായതുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ ജല അതോറിറ്റി ബിൽ നൽകുന്നുവെന്ന പരാതിക്ക് ഏറെ നാൾ പഴക്കമുണ്ട്. ഇതിന് പരിഹാരമില്ലാതായതോടെയാണ് കുടിശ്ശിക ഇത്രയധികം കൂടിയതെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. കോഴിക്കോട്, എലത്തൂർ മേഖലകളിൽ മാത്രം 2388 പൊതുടാപ്പുകളുണ്ടെന്നാണ് ജല അതോറിറ്റിയുടെ കണക്ക്. ഇതിൽ 2074 എണ്ണവും കോഴിക്കോട് നഗരത്തിലാണ്. ഇവയിൽ എത്ര പൊതുടാപ്പുകൾ ഇല്ലാതായെന്ന് ആർക്കും പറയാനാവാത്ത സ്ഥിതി വന്നതാണ് പ്രശ്നമാവുന്നത്. 700 ഓളം ടാപ്പുകൾ മാത്രമേ ഇനി നഗരത്തിൽ ഉണ്ടാവുള്ളുവെന്നാണ് കോർപറേഷൻ നിലപാട്.
കുടിവെള്ള പദ്ധതികൾ വഴി മിക്കയിടത്തും കണക്ഷൻ എത്തിക്കഴിഞ്ഞിട്ടുണ്ട്. പൊതുടാപ്പുകളുടെ ഉപയോഗവും അതിനുമുന്നിലുള്ള വലിയ ക്യൂവും തീരെ കുറഞ്ഞ സ്ഥിതിയാണ്. കൗൺസിലർമാർ വഴി അതാത് വാർഡിലെ ഉപയോഗിക്കാത്ത ടാപ്പുകളുടെ എണ്ണമെടുക്കാൻ നേരത്തേ കോർപറേഷൻ ശ്രമിച്ചെങ്കിലും എങ്ങുമെത്തിയില്ല. കോർപറേഷനും വാട്ടർ അതോറിറ്റിയും തമ്മിലുള്ള പ്രശ്നത്തിൽ ഉടൻ പരിഹാരമാവുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.