മക്കൾ തേടിയെത്തി; കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ പുണെ സ്വദേശി നാട്ടിലേക്ക് മടങ്ങി
text_fieldsകോഴിക്കോട്: അഞ്ച് വർഷം മുമ്പ് നാടുവിട്ട് മൂന്ന് കൊല്ലമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പുണെ ചിന്ത്വഡ്ഗൺ സ്വദേശിനി കല്യാണി ശർമ (58) കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി. വഴി തെറ്റി നഗരത്തിൽ കണ്ട അവരെ 2019 ജൂലൈ ഏഴിന് പൊലീസ് കോടതി മുഖേന ആശുപത്രിയിലാക്കുകയായിരുന്നു.
അനാഥ സ്ത്രീയായി കഴിഞ്ഞ അവരുമായി സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിലുള്ള സംഘം സംസാരിച്ച ശേഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. പുണെയിലാണ് വീട് എന്ന് മാത്രമേ ഇവർക്ക് ഓർമയുണ്ടായിരുന്നുള്ളൂ.
ഏറ്റവുമൊടുവിൽ 2017ൽ ഇതേ പേരുള്ള സത്രീയെ കാണാതായ പരാതിയുള്ള കാര്യം മനസ്സിലാക്കി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത് . കോഴിക്കോട്ടെത്തിയ മക്കൾ പ്രിയങ്കക്കും പ്രണവിനുമൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. നേരത്തേ ഇവർ അധ്യാപികയായി ജോലി ചെയ്തിരുന്നു.
അമ്മയെ തിരിച്ചു കിട്ടിയതിൽ കുടുംബം നഗരത്തിലെ സന്നദ്ധ പ്രവർത്തകർക്ക് നന്ദി പറഞ്ഞു. വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്. സൂപ്രണ്ട് ഡോ. രമേശന്റെ നേതൃത്വത്തിൽ കുടുംബത്തിന് ആശുപത്രി പരിസരത്ത് ഊഷ്മള യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.