പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം നടത്തിയാൽ ശിക്ഷ
text_fieldsകോഴിക്കോട്: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്. ഇതിനായി ഉടൻ പ്രാദേശിക പൊതുജനാരോഗ്യ സമിതികൾ വിളിച്ചുചേർക്കാൻ നിർദേശം നൽകും. പൊതുജനാരോഗ്യ നിയമം 2023മായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ല പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
പ്രകൃതിയും മനുഷ്യനും ഒന്നായി കാണുന്ന ഏക ആരോഗ്യം എന്ന ആശയമാണ് പുതിയ നിയമത്തിന്റെ സത്തയെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ രാജേന്ദ്രൻ വിശദീകരിച്ചു. പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവക്ക് കനത്ത ശിക്ഷയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തത്.
പിഴക്കുപുറമെ മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷ നിയമം അനുശാസിക്കുന്നു. കുറ്റം ആവർത്തിച്ചാൽ പരമാവധി പിഴയുടെ ഇരട്ടി തുക അടക്കേണ്ടിവരും.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ, ആയുർവേദ ഡി.എം.ഒ ഡോ. അമ്പിളി കുമാരി, ഹോമിയോ ഡി.എം.ഒ ഡോ. കവിത പുരുഷോത്തമൻ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സലാഹുദ്ധീൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന നായർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ, ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണർ സക്കീർ ഹുസൈൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബോബി പീറ്റർ, അഡീഷനൽ ഡി.എം.ഒ ഡോ. മോഹൻദാസ്, ടെക്നിക്കൽ അസിസ്റ്റന്റുമാർ ശംഭു ഡി കെ, ജോയ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.