പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ്; കോർപറേഷന്റെ കോടികൾ പിൻവലിച്ച കാലത്തെ പലിശ ബാങ്ക് അക്കൗണ്ടിൽ
text_fieldsകോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പലിശയിനത്തിലെ മുഴുവൻ തുകയും കോർപറേഷന് തിരിച്ചുകിട്ടി. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദാണ് ഇക്കാര്യം കോർപറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചത്. ബാങ്ക് ജീവനക്കാരൻ കോർപറേഷന്റെ പണം അനധികൃതമായി പിൻവലിച്ചതുമുതൽ ബാങ്ക് പണം തിരികെ നൽകിയത് വരെയുള്ള കാലത്തെ പലിശയാണ് അക്കൗണ്ടിലിട്ടത്. കോർപറേഷൻ പലിശയാവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നു.
കുടുംബശ്രീ, കോർപറേഷൻ അക്കൗണ്ടിലെ പണം അനധികൃതമായി പിൻവലിച്ച കാലയളവിലെ മുഴുവൻ പലിശയും ജൂലൈയിൽ ബാങ്ക് അക്കൗണ്ടിലിട്ടിട്ടുണ്ട്. 17 അക്കൗണ്ടുകളിലുമായി 33 ലക്ഷത്തോളം രൂപ പലിശയായി വന്നതായാണ് വിവരമെന്നും കൃത്യമായ കണക്ക് പരിശോധിക്കണമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ബാങ്ക് ശാഖയില്‍ നിന്ന് മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
റിജില്‍ നടത്തിയ ക്രമക്കേടുകളുടെ 90 ശതമാനം തെളിവുകളും ലഭിച്ചതായാണ് വിവരം. ഇനി കുറ്റപത്രം സമര്‍പ്പിക്കണം. കോര്‍പറേഷന്റേതുള്‍പ്പെടെ 17 അക്കൗണ്ടുകളില്‍നിന്നായി 21.29 കോടി രൂപയുടെ ക്രമക്കേട് നടത്തുകയും അതില്‍ 12.68 കോടി രൂപ തട്ടിയെടുത്തതുമായിരുന്നു സംഭവം.
2022 നവംബർ അവസാനമാണ് തട്ടിപ്പ് പുറത്തായത്. ഡിസംബര്‍ 14ന് റിജിലിനെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ ജാമ്യത്തില്‍ വിട്ടു. കോര്‍പറേഷന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 12.6 കോടി റിജില്‍ തട്ടിപ്പ് നടത്തിയിരുന്നു. കേസ് ആദ്യം ടൗണ്‍ പൊലീസും പിന്നീട് ജില്ല സിറ്റി ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അതിനുശേഷമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയത്.
അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന തുക റിജില്‍ ആദ്യം അച്ഛന്റെ പേരിലുള്ള അക്കൗണ്ടിലേക്കും അവിടെ നിന്ന് സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയാണ് ചെയ്തത്. ഓഹരി ഇടപാടുകള്‍ക്കും റമ്മി പോലുള്ള ഓണ്‍ലൈന്‍ കളികള്‍ക്കുമെല്ലാം തുക വിനിയോഗിച്ചു. 11.37 കോടി രൂപ ഓഹരി ഊഹക്കച്ചവടത്തിലും 80 ലക്ഷം രൂപ റമ്മിക്കുമായി കളഞ്ഞതായി ആദ്യത്തെ അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.
അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ടുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. രണ്ടുതവണയായാണ് ബാങ്ക് പണം തിരികെ നല്‍കിയത്. കോടികളുടെ വെട്ടിപ്പായതിനാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ബി.ഐ ശേഖരിച്ചിരുന്നെങ്കിലും ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല.
പലിശകൂടി കിട്ടിയതോടെ പി.എൻ.ബിയിലുള്ള മുഴുവൻ കോർപറേഷൻ അക്കൗണ്ടും എസ്.ബി.ഐയടക്കമുള്ള ബാങ്കിലേക്ക് മാറ്റുമെന്ന് മേയർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. പലിശ ലഭിക്കാത്തതിരുന്നതിനാലാണ് അക്കൗണ്ട് പിൻവലിക്കാതിരുന്നതെന്നും അക്കൗണ്ട് മാറ്റം ഇനി നടപ്പാക്കാനാവുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.