പുതുപ്പാടി കോഴിമാലിന്യ സംസ്കരണ പ്ലാന്റ്; സമരം നടത്തുന്നത് തൽപരകക്ഷികൾ, പ്ലാന്റ് തുറക്കാൻ സർക്കാർ സംരക്ഷണം വേണം -സംരംഭകർ
text_fieldsകോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിൽ കൊട്ടാരക്കോത്ത് പ്രവർത്തനം തുടങ്ങാനിരിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം നടത്തുന്നത് തൽപരകക്ഷികളാണെന്നും നിയമപരമായ എല്ലാ അനുമതികളോടും കൂടി സ്ഥാപിച്ച പ്ലാന്റ് തുറക്കാൻ സർക്കാർ സംരക്ഷണം നൽകണമെന്നും സംരംഭകർ. പ്ലാന്റ് പ്രവർത്തനം തുടങ്ങാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി ഉത്തരവുണ്ടായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്നും സംരംഭകർ പറഞ്ഞു.
പഞ്ചായത്ത് മുതൽ മലിനീകരണ നിയന്ത്രണ ബോർഡ് വരെയുള്ള എല്ലാ വിഭാഗത്തിൽനിന്നും അനുമതിതേടിയാണ് ഏഴു പ്രവാസികൾ ചേർന്ന് ഭാരത് ഓർഗാനിക് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്ന സംരംഭത്തിന് തുടക്കംകുറിച്ചത്. മൂന്നു മാസത്തേക്കുള്ള ട്രയൽ അനുമതിയാണ് പ്ലാന്റിന് ലഭിച്ചത്. ഈ സമയം പ്രദേശവാസികൾക്ക് എന്തെങ്കിലും പ്രയാസമുണ്ടാവുകയാണെങ്കിൽ തുടർ അനുമതി ലഭിക്കുകയില്ല.
പ്ലാന്റിന്റെ 250 മീറ്റർ അകലെയാണ് വീടുകളുള്ളത്. എന്നാൽ, ഇവിടെ ട്രയൽ റൺ നടത്താൻപോലും സമരക്കാർ അനുവദിക്കുന്നില്ല. പ്ലാന്റിലേക്ക് വരുന്ന വാഹനങ്ങൾ അടിച്ചുതകർക്കുകയും പ്ലാന്റിനും സംരംഭകർക്കും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണ്. സ്ഥാപനത്തിന് അനുമതിനൽകിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ ഇപ്പോൾ പ്ലാന്റിനെതിരെ സമരത്തിന് നേതൃത്വം നൽകുന്നു.
കലക്ടറുടെ അധ്യക്ഷതയിൽ വരെ ചർച്ചനടത്തിയിട്ടും ഒരുനിലക്കും പ്ലാന്റ് തുറക്കാൻ അനുവദിക്കില്ലെന്ന ശാഠ്യത്തിലാണ് സമരക്കാർ. പ്ലാന്റിലേക്ക് കൊണ്ടുവന്ന യന്ത്രസാമഗ്രികൾവരെ സമരക്കാർ അടിച്ചുതകർത്തു. ഇതുകാരണം ഭീമമായ നഷ്ടമുണ്ടായി. ഗൾഫിൽനിന്ന് തിരിച്ചെത്തിയ തങ്ങൾ സ്വകാര്യ ബാങ്കുകളിൽനിന്നടക്കം ലോണെടുത്താണ് രണ്ടു കോടിയോളം രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചത്.
ഇതെല്ലാം നഷ്ടപ്പെട്ട് കടക്കെണിയിലാവുന്ന അവസ്ഥയിലാണ്. ട്രയൽ റൺ നടത്താനാവശ്യമായ സഹായങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും സംരംഭകർ ആവശ്യപ്പെട്ടു. പ്ലാന്റ് മാനേജിങ് പാർട്ണർ കെ.സി. അബ്ദുസ്സലാം, പാർട്ണർമാരായ കെ.പി. മുഹമ്മദ് കോയ, ടി.പി. ഇർഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.