പുതിയപാലത്തെ പുതുപാലം രണ്ടു വർഷത്തിനകം: പ്രവൃത്തി ഉദ്ഘാടനം നാളെ
text_fieldsകോഴിക്കോട്: നഗരത്തിന്റെ എറെ കാലമായുള്ള പുതിയപാലത്തെ പാലം വലുതാക്കുകയെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. വലിയ പാലം പണിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ് മുഖ്യാതിഥിയാവും. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) പദ്ധതിയായാണ് നടപ്പാക്കുന്നത്. 40 വർഷത്തിലേറെ പഴക്കമുള്ള ഇടുങ്ങിയ ഇപ്പോഴത്തെ പാലം അപകടാവസ്ഥയിലാണ്. രണ്ട് ഇരുചക്രവാഹനങ്ങൾ എതിരെ കടന്ന് പോവാനാവാത്ത അവസ്ഥയാണിപ്പോൾ. പി.എം.ആർ കമ്പനിയാണ് വലിയ പാലത്തിന്റെ കരാറെടുത്തത്. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മഴ ശമിച്ചാൽ നിർമാണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
പാലം നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കൽ ഏറക്കുറെ പൂർത്തിയായി. നാൽപതുകളിൽ കാക്കാത്തെരു എന്നറിയപ്പെട്ടിരുന്ന ധാരാളം കമ്പനികളും മരമില്ലുകളും ഉണ്ടായിരുന്ന ഒരു പ്രദേശമാണ് ഇന്നത്തെ പുതിയപാലം. കോഴിക്കോട് സിറ്റി സൗത്ത് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശം.1947ൽ ആണ് പ്രദേശത്തു കനോലി കനാലിനു കുറുകെയായി ആദ്യത്തെ പാലം വന്നത്. പിന്നീട് 1982ൽ ഇന്ന് കാണുന്ന പുതിയ പാലം നിർമിച്ചു. അതിനു ശേഷമാണ് പുതിയപാലം എന്ന പേര് വന്നത്. ആദ്യത്തെ പാലത്തിന് പടികൾ ആയിരുന്നെങ്കിലും വീതിയുണ്ടായിരുന്നു.
2021ൽ പുതിയപാലത്തെ വലിയ പാലത്തിനു ഭരണാനുമതി ലഭിച്ചു. രണ്ടു വർഷത്തിനകം തീർക്കാനാണ് ലക്ഷ്യം. പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. മൊത്തം 59 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്.
ഇതിൽ സ്ഥലമേറ്റെടുപ്പും പുനരധിവാസവുമുൾപ്പെടും. 23.73 കോടിയാണ് പാലത്തിന്റെ നിർമാണച്ചെലവ്. 195 മീറ്റർ നീളമുള്ള പാലത്തിനു ഇരുവശത്തുമായി അപ്രോച്ച് റോഡുകളും സർവിസ് റോഡുകളും നിർമിക്കും. കിഴക്ക് 383 മീറ്ററും പടിഞ്ഞാറ് 23 മീറ്ററുമുള്ള അപ്രോച്ച് റോഡും, 110 മീറ്റർ സർവിസ് റോഡും വരും. ഏഴു സ്പാൻ വരുന്ന പാലത്തിന്റെ സെന്റർ സ്പാൻ കനോലി കനാലിനു കുറുകെയായാണ് വരുന്നത്. 45 മീറ്ററാണ് നീളം. 11 മീറ്റർ വീതിയുള്ള പാലം ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുക. ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയും പദ്ധതിയിൽ ഉൾപ്പെടും.
തളി ക്ഷേത്രത്തെയും മാങ്കാവ് മിനി ബൈപാസിനെയും ബന്ധിപ്പിക്കുന്ന വലിയ പാലം വരുന്നതോടെ പുതിയപാലത്തു കൂടിയുള്ള യാത്ര സുഗമമാകും. പാളയം ഭാഗത്തു നിന്നും മാങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു നഗരത്തിലെ തിരക്കിൽപെടാതെ യാത്രയും ചെയ്യാം. പാലം നിർമിക്കുന്നതിന് മുന്നോടിയായി ഏറ്റെടുത്ത കെട്ടിടങ്ങളിൽ മിക്കതും പൊളിച്ചു. കെട്ടിടങ്ങളുടെ ലേലത്തുക കുറവായതിനാൽ ചിലത് പൊളിക്കാൻ കാലതാമസമെടുത്തിരുന്നു. പാലത്തിനായി ഭൂമി വിട്ടുകൊടുത്തവർക്കും കച്ചവടക്കാർക്കുമെല്ലാം നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള പാക്കേജാണ് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.