പി.വി. അൻവർ അനധികൃതമായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നേടിയെന്ന് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ-കെ.വി. ഷാജി
text_fieldsകോഴിക്കോട്: പി.വി. അൻവർ എം.എൽ.എ അനധികൃതമായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നേടിയെന്ന് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ കെ.വി. ഷാജി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആദ്യ ഭാര്യ ഷീജയുടെ സ്ഥലത്ത് മുസ്ലിം പള്ളിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നേടിയതെന്നും ഷാജി ആരോപിച്ചു.
ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരകമണ്ണ വില്ലേജിൽ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78 സെന്റ് സ്ഥലത്ത് പള്ളിയും പീടികമുറിയുമുണ്ടെന്ന് പറഞ്ഞാണ് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിച്ച് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. ഇത് വാസ്തവ വിരുദ്ധമാണ്.
അൻവറും രണ്ടാം ഭാര്യ ഹഫ്സത്തും ചേർന്ന് കക്കാടംപൊയിലിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ണർഷിപ് ഡീഡിന്റെ പേരിൽ വാങ്ങിയ 11 ഏക്കറിലും നിയമവിരുദ്ധമായ ഇളവനുവദിച്ചിട്ടുണ്ട്. പത്തുവർഷമായി ആദായനികുതി അടക്കാത്ത അൻവർ 64.14 കോടിയുടെ ആസ്തിയുമായി സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ ആയതെങ്ങനെയെന്ന് പരിശോധിക്കണം. വഴിവിട്ട ഇളവ് അനുവദിച്ചിട്ടും 6.24 ഏക്കർ മിച്ചഭൂമി സർക്കാറിലേക്ക് കണ്ടുകെട്ടാൻ ആഗസ്റ്റ് 26ന് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും അൻവർ സ്വമേധയാ മിച്ചഭൂമി സർക്കാറിലേക്ക് സമർപ്പിക്കുകയോ നിയമാനുസൃതം നടപടിയെടുക്കേണ്ട തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.