പരസ്യങ്ങളിൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ ക്യു.ആർ കോഡ് നിർബന്ധമാക്കി
text_fieldsകോഴിക്കോട്: ജില്ലയിൽ പരസ്യത്തിനായി ഉപയോഗിക്കുന്ന ബോർഡുകൾ, ഹോൾഡിങ്ങുകൾ, ബാനറുകൾ എന്നിവയിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ക്യു.ആർ കോഡ് നിർബന്ധമാക്കി ശുചിത്വ മിഷൻ. ഇവ തയാറാക്കുമ്പോൾതന്നെ പി.വി.സി റീസൈക്ലബിൾ ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യു.ആർ കോഡ് എന്നിവ നിർബന്ധമായും വേണമെന്ന് ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ എം. ഗൗതമൻ അറിയിച്ചു.
പരിശോധന വേളകളിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും വേണം. ഇവ രേഖപ്പെടുത്താത്ത ബോർഡുകൾ നിയമവിരുദ്ധമായതിനാൽ സ്ഥാപിച്ചവർക്കെതിരെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും നിയമ നടപടി സ്വീകരിക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്ത മെറ്റീരിയലുകൾ സ്റ്റോക്ക് ചെയ്യാനോ പ്രിന്റ് ചെയ്യാനോ പാടില്ല.
നിലവിൽ കോട്ടൺ തുണി, പോളി എദെലിൻ എന്നിവയിൽ മാത്രമാണ് പ്രിന്റിങ്ങിന് അനുമതിയുള്ളത്. ഇക്കാര്യം പ്രിന്റ് ചെയ്യുന്നവർ ഉറപ്പുവരുത്തണം. ഉപയോഗശേഷം പോളി എദെലിൻ റീസൈക്ലിങ്ങിനായി ഈ സ്ഥാപനത്തിൽ തിരികെ ഏൽപിക്കണം എന്ന ബോർഡ് ഓരോ സ്ഥാപനത്തിലും വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കണം.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പരിശോധന വേളയിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നപക്ഷം നിരോധിത വസ്തുക്കൾ പിടിച്ചെടുക്കും. ആദ്യപടിയായി 10,000 രൂപയാണ് പിഴ ഈടാക്കുക.
തുടർന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 25,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കലടക്കം നടപടി കൈക്കൊള്ളുകയും ചെയ്യും. അനധികൃതമായി സ്ഥാപിച്ചതും കാലാവധി കഴിഞ്ഞിട്ടും അഴിച്ചുമാറ്റാത്തതുമായ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും ശിക്ഷാനടപടി കൈക്കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.