ക്വാറികൾ നിലക്കുന്നു; നിർമാണമേഖല സ്തംഭനത്തിലേക്ക്
text_fieldsകോഴിക്കോട്: ജില്ലയിൽ ക്വാറി പ്രവർത്തനങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചതോടെ നിർമാണമേഖല സ്തംഭനത്തിലേക്ക്. കക്കോടി, രാമനല്ലൂർ, നന്മണ്ട, ചേളന്നൂർ പൊക്കാളി എന്നിവിടങ്ങളിലെ ക്വാറികളുടെ പ്രവർത്തനം മൂന്നു മാസത്തോളമായി ഭാഗികമായി നിലച്ചിരിക്കുകയാണ്. താമരശ്ശേരി, ബാലുശ്ശേരി, മുക്കം, വടകര ഭാഗങ്ങളിലെ ക്വാറികളിലും സമാന അവസ്ഥയാണ്. ഇതുകാരണം ജില്ലയിൽ കല്ല്, എംസാൻഡ്, മെറ്റൽ തുടങ്ങിയ നിർമാണവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി.
ഇത് ടിപ്പർ ലോറി, കരിങ്കൽ ക്വാറി, നിർമാണ തൊഴിലാളികൾ എന്നിവരുടെ തൊഴിലിനെയും പ്രതികൂലമായി ബാധിച്ചു. ജിയോളജി വകുപ്പിൽനിന്ന് പാറ പൊട്ടിക്കാൻ പാസ് ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ ജില്ലയിൽ കരിങ്കൽ ഉൽപന്നങ്ങളുടെ വില ക്രമാതീതമായി വർധിക്കാൻ ഇടയാക്കും.ചില ക്വാറികൾക്ക് മാർച്ച് വരെ കരിങ്കൽ പൊട്ടിക്കാൻ അനുവാദം ഉണ്ടെങ്കിലും നിർദേശിച്ച ഏരിയയിൽ കൂടുതൽ പൊട്ടിച്ചുകഴിഞ്ഞു. പുതിയ ഇടങ്ങളിൽനിന്ന് പൊട്ടിക്കണമെങ്കിൽ ജിയോളജി വകുപ്പിൽനിന്ന് വീണ്ടും അനുമതി ലഭിക്കണം.
എന്നാൽ, പുതിയ ഏരിയകളിൽനിന്ന് ഖനനം ചെയ്യാൻ ജില്ല ജിയോളജി വകുപ്പിൽനിന്ന് അനുമതി ലഭിക്കുന്നില്ലെന്ന് ക്വാറി ഉടമകൾ പറഞ്ഞു. സ്ഥിതി തുടർന്നാൽ ഏതാനും മാസത്തിനകം ജില്ലയിൽ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിലക്കുന്ന അവസ്ഥയാണെന്നും ഇവർ വ്യക്തമാക്കുന്നു. നിർദേശിച്ച മേഖലയുടെ പരിധിക്ക് പുറത്ത് ഖനനം നടത്തിയാൽ ഒരു ടൺ കരിങ്കല്ലിന് 240 രൂപ പിഴ അടക്കണം. പിന്നീട് അനുമതി പുതുക്കണമെങ്കിലും മാസങ്ങൾ കാത്തിരിക്കേണ്ടിവരും.
അതിനാൽ ക്വാറി ഉടമകൾ അതിന് തയാറാവില്ല. കരിങ്കല്ലും എംസാൻഡും ലഭിക്കാതെ ലൈഫ് പദ്ധതി പോലും താറുമാറാവുന്ന അവസ്ഥയാണ്. സ്തംഭനാവസ്ഥ പരിഹരിക്കാൻ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ശക്തമാണ്. യാർഡുകൾ ഉണ്ടാക്കി ജില്ലക്ക് പുറത്തുനിന്ന് കല്ല് കൊണ്ടുവന്ന് വലിയ വിലയ്ക്ക് വിൽക്കാൻ വൻകിടക്കാർക്ക് സാഹചര്യം ഒരുക്കിക്കൊടുക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. ക്വാറികളുടെ പ്രവർത്തനം നിലക്കുന്നത് കോഴിക്കോട് ജില്ലയിലെയും വയനാട് ജില്ലയിലെയും ചില മേഖലകളിലേയും നിർമാണ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
തൊഴിലാളികളെ രക്ഷിക്കണം -ഐ.എൻ.ടി.യു.സി
കോഴിക്കോട്: ക്വാറികളുടെ പ്രവർത്തനം നിലച്ച് തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാവുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ഐ.എൻ.ടി.യു.സി ടിപ്പർ വർക്കേഴ്സ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രിലിൽ ഉടമകളുടെ സംഘം മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ട കാര്യങ്ങൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ക്വാറി ഉൽപന്നങ്ങളുടെ വില നിലവാരം ഏകീകരിക്കുക, ശാസ്ത്രീയമായി വില നിർണയിക്കുന്നതിന് വിലനിർണയ അതോറിറ്റി രൂപവത്കരിക്കുക, സോഫ്റ്റ്വെയർ പരിഷ്കരണം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ക്വാറിമേഖല സ്തംഭനാവസ്ഥയിലാകുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. യോഗം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് കെ. ഷാജി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.