ജിംനേഷ്യത്തിൽ ക്വട്ടേഷൻ അക്രമം; നടത്തിപ്പുകാരന് ഗുരുതര പരിക്ക്
text_fieldsഫറോക്ക്: നല്ലളത്തെ ജിംനേഷ്യത്തിൽ ക്വട്ടേഷൻ ആക്രമണത്തിൽ നടത്തിപ്പുകാരനായ യുവാവിന് ഗുരുതര പരിക്ക്. ക്വട്ടേഷൻ അംഗങ്ങളായ രണ്ടുപേരെ നല്ലളം പൊലീസ് അറസ്റ്റു ചെയ്തു. നല്ലളത്തെ എക്സ്പാൻറിയബിൾ ജിംനേഷ്യത്തിൽ ബുധനാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. നടത്തിപ്പുകാരനായ നല്ലളം സ്വദേശി അബ്ദുൽ റഷീദിനെ (28) തലക്ക് ചുറ്റികകൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘാംഗങ്ങളായ ഒളവണ്ണ ഉടുമ്പ്ര ഷാനിദ് (30), ഫറോക്ക് പുറ്റെക്കാട് കണ്ടാനത്ത് ഹൗസിൽ നവാസ് (27) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റു ചെയ്തത്. അരക്കിണർ സ്വദേശി താരീഖിന്റെതാണ് ജിംനേഷ്യം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നല്ലളം സ്വദേശിയായ അബ്ദുൽ റഷീദിന് നടത്താൻ കൊടുത്തതായിരുന്നു ജിംനേഷ്യം.
റഷീദും പന്നിയങ്കര സ്വദേശി ഷമീറും തമ്മിൽ ജിം നടത്തിപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തുടർന്ന് റഷീദിനെ ആക്രമിക്കാൻ ഷമീർ, പിടിയിലായ രണ്ടുപേർക്കും ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് നല്ലളം സി.ഐ കൃഷ്ണൻ കെ. കാളിദാസ് പറഞ്ഞു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുകയും അക്രമികളെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.
പിടിയിലായ ഒളവണ്ണ സ്വദേശി ഷാനിദ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസിലും കുന്ദമംഗലത്ത് മറ്റൊരു കേസിൽ പിടികിട്ടാപ്പുള്ളിയുമാണെന്ന് പൊലീസ് പറഞ്ഞു. പന്നിയങ്കര പൊലീസിലും ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. അന്വേഷണം ഊർജിതമാണെന്നും ക്വട്ടേഷൻ നൽകിയവരെ ഉടൻ പിടികൂടുമെന്നും സി.ഐ പറഞ്ഞു. എസ്.ഐമാരായ രഞ്ജിത്തും ജയശ്രീയും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.