മൂന്നു പതിറ്റാണ്ടിെൻറ 'തദ്ദേശകാലം'; രാധാകൃഷ്ണൻ മാസ്റ്റർ അങ്കത്തിനില്ല
text_fieldsകോഴിക്കോട്: ഗ്രാമപഞ്ചായത്ത് അംഗം മുതൽ ജില്ല പഞ്ചായത്തിലും കോഴിക്കോട് കോർപറേഷനിലും തിളങ്ങിയ ജനപ്രതിനിധിയാണ് എം. രാധാകൃഷ്ണൻ. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരുടെയും രാധാകൃഷ്ണൻ മാസ്റ്റർ തുടർച്ചയായി 32 വർഷമാണ് സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നടത്തിയത്. കോഴിക്കോട് കോർപറേഷനിലെ വിദ്യാഭ്യാസ, കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായാണ് രാധാകൃഷ്ണെൻറ മടക്കം. 17 വർഷത്തോളം അത്തോളി പഞ്ചായത്തിലും അഞ്ചു വർഷം ജില്ല പഞ്ചായത്തിലും 10 വർഷം കോഴിക്കോട് കോർപറേഷനിലുമായിരുന്നു ജനസേവനം.
അത്തോളി സ്വദേശിയായ രാധാകൃഷ്ണൻ മാസ്റ്റർ 1988ലാണ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. 1988ൽ അത്തോളി പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നായിരുന്നു കന്നിയങ്കം. കോൺഗ്രസിനും മുസ്ലിം ലീഗിനും ബി.ജെ.പിക്കും പൊതുവായ സ്ഥാനാർഥിയായിരുന്നു അന്നെന്ന് അദ്ദേഹം ഓർക്കുന്നു. എങ്കിലും വിജയം രാധാകൃഷ്ണൻ മാസ്റ്റർക്കൊപ്പമായിരുന്നു.
1995ൽ വീണ്ടും തെരഞ്ഞെടുക്കെപ്പട്ടു. അക്കാലത്ത് പഞ്ചായത്തുകളിലുണ്ടായിരുന്ന ഏക സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനായി. 1997ഓടെ ജനകീയാസൂത്രണം തുടങ്ങിയതോടെ മുൻനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു. ജനകീയാസൂത്രണത്തിെൻറ സ്റ്റേറ്റ് ഫാക്കൽറ്റിയായി. ചേളന്നൂർ, കോഴിക്കോട് ബ്ലോക്ക് കോഓഡിനേറ്റർ പദവിയും വഹിച്ചു. 2000ത്തിൽ അത്തോളിയിൽ ഹാട്രിക് ജയം കുറിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറുമായി.
2005ൽ ജില്ല തലത്തിലേക്ക് കളം മാറി. ചേളന്നൂർ ഡിവിഷനിൽ നിന്ന് വൻഭൂരിപക്ഷത്തിൽ ജയിച്ച് ജില്ല പഞ്ചായത്ത് അംഗമായി. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ പല വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ ഇക്കാലയളവിലായി. 2010ൽ എലത്തൂർ വെങ്ങാലി ജെട്ടി റോഡിലേക്ക് താമസം മാറിയ രാധാകൃഷ്ണൻ മാസ്റ്റർ ആ വർഷം ആദ്യമായി കോർപറേഷൻ കൗൺസിലറായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 2015ലും ജയിച്ചുകയറി. കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
ജനകീയാസൂത്രണത്തിെൻറ വരവോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വൻ വികസനമുണ്ടായതായി രാധാകൃഷ്ണൻ മാസ്റ്റർ പറയുന്നു. താഴെതട്ടിലുള്ള വികസനകാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിെൻറ അതിപ്രസരമില്ല.
നിരവധി റോഡുകളും ഫുട്പാത്തുകളുമുണ്ടായത് വികേന്ദ്രീകൃത ആസൂത്രണത്തിെൻറ നേട്ടമാണ്. ഗ്രാമപഞ്ചായത്ത് മുതൽ കോർപറേഷൻ വരെ എല്ലായിടത്തും തികഞ്ഞ ആത്മാർഥമായി പ്രവർത്തിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. പാവണ്ടൂർ ഹൈസ്കൂൾ അധ്യാപകനായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ നിലവിൽ കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും ജില്ല ആസൂത്രണ സമിതി അംഗവുമാണ്.
സി.പി.എം നോർത്ത് ഏരിയ കമ്മിറ്റി അംഗമായ ഇദ്ദേഹം മത്സരരംഗത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായുണ്ടാകും. നടക്കാവ് ജി.ജി.എച്ച്.എസ്.എസിലെ അധ്യാപികയായ സി.കെ. രമയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.