റഫിയുടെ ഗാനങ്ങൾ കോർത്തിണക്കി റെക്കോഡിലേക്ക്
text_fieldsകോഴിക്കോട്: റഫി ആസ്വാദകരെ അക്ഷരാർഥത്തിൽ സംഗീത സാഗരത്തിലാറാടിക്കുന്നതായിരുന്നു ചൊവ്വാഴ്ച ടൗൺഹാളിൽ നടന്ന ‘യാദോം കി ബാരാത്’ സംഗീതപരിപാടി. റഫിയുടെയും അദ്ദേഹത്തിന്റെ ഗാനങ്ങളുടെയും കടുത്ത ആരാധകനായ അഷ്റഫ് കോഴിക്കോട് റഫിയുടെ 125 ഗാനങ്ങൾ 12 മണിക്കൂർ തുടർച്ചയായി പാടിയാണ് റെക്കോഡ് സൃഷ്ടിച്ചത്. പാളയം പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് അഷ്റഫ്. റേഡിയോയിൽ നിന്ന് റഫി ഗാനങ്ങൾ തുടർച്ചയായി കേട്ടുപഠിച്ചുകൊണ്ടാണ് പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാകാത്ത അഷ്റഫ് ഈ സംഗീത സപര്യക്ക് ഒരുങ്ങിയത്.
അഷ്റഫിന് റഫി ഗാനങ്ങളോടുള്ള പ്രണയം മനസ്സിലാക്കിയ കോഴിക്കോട്ടെ റഫി ലവേഴ്സ് മ്യൂസിക് അസോസിയേഷൻ പാടാനായുള്ള അവസരം നൽകുകയായിരുന്നു. 94 കരോക്കെ ഗാനങ്ങളും 31ലൈവ് ഓർക്കസ്ട്രയുമാണ് അവതരിപ്പിച്ചത്. ഇതിന് മുമ്പ് റഫിയുടെ 100 ഗാനങ്ങൾ ആലപിച്ച് റെക്കോഡ് സൃഷ്ടിച്ചയാളാണ് അഷ്റഫ്. 125 ഗാനങ്ങൾ പാടിക്കൊണ്ട് തന്റെ തന്നെ റെക്കോഡ് ഭേദിക്കുകയാണ് ലക്ഷ്യം.
റഫിയുടെ പ്രശസ്ത ഗാനങ്ങളായ പർദ ഹൈ പർദ, ലിഖേ ജെ ഖത് തുജേ, ഓ മേരി മെഹബൂബ്, യെ ദുനിയാ യെ മെഹഫിൽ തുടങ്ങിയ ഗാനങ്ങൾ അഷ്റഫ് ആലപിച്ചു. സംഗീതത്തിനൊപ്പം എ. ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ ഫാസ്റ്റ് ബൗളറായി തിളങ്ങിയ ഇരിങ്ങണ്ണൂർ നിവാസിയായ അഷ്റഫ് കോളജ് ക്രിക്കറ്റ് പരിശീലകൻ കൂടിയാണ്. രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെ നടന്ന പരിപാടിയിൽ അഷ്റഫിന് പുറമെ പ്രശസ്ത മുംബൈ ഗായിക ഷിപ്ര ജെയിനും ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.