റാഗിങ്: ആറ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
text_fieldsചാത്തമംഗലം: കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബി.എ സോഷ്യോളജി വിദ്യാർഥി പി. മുഹമ്മദ് മിദ്ലാജിനെ (20) കൂട്ടംചേർന്ന് മർദിച്ച സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു.
കോളജ് കൗൺസിലും ആന്റി റാഗിങ് കമ്മിറ്റിയും യോഗം ചേർന്നാണ് വിദ്യാർഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കോളജ് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. വിശദമായ അന്വേഷണത്തിന് അന്വേഷണ കമീഷൻ രൂപവത്കരിച്ചിട്ടുണ്ട്. വിഷയം കുന്ദമംഗലം പൊലീസിനും കാലിക്കറ്റ് സർവകലാശാലക്കും കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു. അതേസമയം, സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഘം ചേർന്ന് മർദിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ബുധനാഴ്ച ഉച്ചക്ക് കോളജിന് പുറത്തുവെച്ച് ചില സീനിയർ വിദ്യാർഥികൾ വളഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർഥിക്ക് കണ്ണിനും മൂക്കിനും സാരമായി പരിക്കേറ്റിരുന്നു. റാഗിങ്ങിന് വിധേയമാക്കിയെന്ന് കാണിച്ച് പിതാവ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച കോളജിൽ വാഹനം കൊണ്ടുവന്നതിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ചയുണ്ടായ സംഭവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.