സുരക്ഷ ശക്തമാക്കി റെയിൽവേ; വലഞ്ഞ് ജനം
text_fieldsആറാം ഗേറ്റിന് സമീപം റെയിൽ വ്യൂ ക്ലബിന് മുൻവശത്തെ റെയിൽവേ ക്രോസിങ് ഒരാൾക്ക് പോകാനുള്ള വഴിവെച്ച് ജീവനക്കാർ അടക്കുന്നു
കോഴിക്കോട്: ട്രാക്കുകളിലുണ്ടാകുന്ന അപകടമൊഴിവാക്കാൻ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ട്രാക്കുകളിലൂടെയുള്ള ക്രോസിങ് ഒഴിവാക്കാൻ റെയിൽവേ. അതേസമയം, കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴി കെട്ടിയടക്കപ്പെടുന്നതോടെ ട്രാക്കിന് മറുകര കടക്കാൻ കിലോമീറ്ററുകളോളം നടന്ന് വലയുകയാണ് ജനം. 2024ന്റെ പുതുവർഷപ്പുലരിയിൽ വെള്ളയിൽ റെയിൽവേ ട്രാക്കിലൂടെ ഇരുചക്ര വാഹനവുമായി ക്രോസ് ചെയ്യുന്നതിനിടെ വിദ്യാർഥി മരിച്ചതിന് പിന്നാലെയാണ് ട്രാക്കിലൂടെയുള്ള അനധികൃത വഴികൾ റെയിൽവേ അടച്ചുതുടങ്ങിയത്.
കഴിഞ്ഞ ആഴ്ച എലത്തൂർ-ചെട്ടികുളം ഭാഗങ്ങളിൽ റെയിൽവേ ഇരുമ്പുവേലി നിർമിച്ച് ട്രാക്കിലൂടെയുള്ള വഴി കെട്ടിയടച്ചിരുന്നു. ഇതിനെതിരെ ജനപ്രതിനിധികളടക്കം രംഗത്തുവന്നെങ്കിലും വേലി കെട്ടൽ നടപടിയുമായി മുന്നോട്ടുപോവുകയാണ് റെയിൽവേ. ശനിയാഴ്ച നടക്കാവ് ആറാംഗേറ്റിന് സമീപം റെയിൽവ്യൂ ക്ലബിന് സമീപമുള്ള വഴിയിലും കമ്പിവേലി സ്ഥാപിച്ചു. കഷ്ടിച്ച് ഒരാൾക്ക് കടക്കാനുള്ള വിടവ് വെച്ചാണ് കമ്പിവേലി സ്ഥാപിച്ചത്.
ഇവിടെ ട്രാക്കിലേക്ക് കയറാൻ റെയിൽവേതന്നെ മുമ്പ് നിർമിച്ച ചവിട്ടുപടികളാണ് ഇപ്പോൾ കമ്പിവേലി സ്ഥാപിച്ച് അടച്ചിരിക്കുന്നത്. ട്രാക്കിലേക്ക് സൈക്കിൾ കയറ്റുന്നത് തടയാനാണ് ആറാം ഗേറ്റിൽ കമ്പിവേലി സ്ഥാപിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, വഴി പൂർണമായും അടക്കാനാണ് റെയിൽവേ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വഴി അടക്കുന്നതോടെ നാട്ടുകാരുടെ സഞ്ചാരം പ്രതിസന്ധിയിലാവും.
റെയിൽവേ ക്രോസിങ്ങിനായി കാത്തുനിൽക്കുന്നവർ
നിയമപ്രകാരം റെയിൽവേ അനുവദിച്ച അടിപ്പാത, മേൽപാലം എന്നിവയിലൂടെ മാത്രമേ പാളം മുറിച്ചുകടക്കാൻ പാടുള്ളൂ. റെയിൽപാളയത്തിലൂടെ മുറിച്ചുകടക്കൽ കുറ്റകരമാണ്. മാത്രമല്ല, അതിവേഗ ട്രെയിനുകൾ കൂടിവരുമ്പോൾ അപകടങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഈ സാഹചര്യത്തിലാണ് അനധികൃതമായ വഴികൾ അടക്കുന്നതെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.
എലത്തൂരിൽ കഴിഞ്ഞയാഴ്ച വഴിയടച്ചതിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ജനകീയ സമിതി റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. എലത്തൂരിൽ റെയിൽവേ വഴിയടച്ചതോടെ മൂന്നുകിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ട്രാക്ക് മുറിച്ചുകടക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ട്രാക്ക് മുറിച്ചുകടക്കാൻ ആവശ്യത്തിന് മേൽപാലങ്ങളും അണ്ടർ പാസുകളും വേണമെന്ന ആവശ്യം ശക്തമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.