പാസഞ്ചർ പുനഃസ്ഥാപിക്കാതെ റെയിൽവേ; യാത്രക്കാർ ദുരിതത്തിൽ
text_fieldsകോഴിക്കോട്: ട്രാക്ക് അറ്റകുറ്റപ്പണിക്കെന്ന പേരിൽ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ തയാറാവാത്ത റെയിൽവേയുടെ നടപടി മലബാറിലെ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ട്രാക്ക് ബലപ്പെടുത്താൻ എന്ന പേരിൽ സെപ്റ്റംബർ 9, 10 മുതലാണ് കോഴിക്കോട് ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06496) പൂർണമായും തൃശൂർ-കോഴിക്കോട് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06495) ഭാഗികമായും നിർത്തലാക്കി റെയിൽവേ ഉത്തരവിറക്കിയത്.
മൂന്നാഴ്ചകൾക്കുള്ളിൽ സർവിസ് പുനഃസ്ഥാപിക്കുമെന്നാണ് ഇതുസംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അറിയിച്ച എം.കെ. രാഘവൻ എം.പിയെ സതേൺ റെയിൽവേ ജനറൽ മാനേജർ അറിയിച്ചിരുന്നത്. എന്നാൽ, എട്ടുമാസം പിന്നിട്ടിട്ടും സർവിസ് പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറായിട്ടില്ല. ട്രാക്ക് ബലപ്പെടുത്തൽ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും സർവിസ് പുനരാരംഭിക്കാൻ തയാറാകാത്ത റെയിൽവേയുടെ നടപടി പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
രാവിലെ 7.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ട്രെയിൻ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ സീസൺ ടിക്കറ്റ് എടുത്ത് സ്ഥിരമായി ഈ പാസഞ്ചറിനെ ആശ്രയിക്കുന്നവരായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും ഇത് ഏറെ ആശ്വാസകരമായിരുന്നു.
സീസൺ ടിക്കറ്റിൽ യാത്ര ചെയ്തിരുന്നവരുടെ യാത്രച്ചെലവും വർധിച്ചു. നേരത്തേ പാസഞ്ചർ ട്രെയിനുകളായിരുന്ന ഇവ കോവിഡിനുശേഷം സ്പെഷൽ എക്സ്പ്രസുകളായിട്ടായിരുന്നു ഓടിയിരുന്നത്. സ്വകാര്യ ബസ് ലോബിയുടെ താൽപര്യത്തിന് വഴങ്ങിയാണ് നീക്കമെന്നാണ് യാത്രക്കാരുടെ ആരോപണം.
ട്രാക്ക് ബലപ്പെടുത്തൽ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറാകാത്തത് സംശയം ബലപ്പെടുത്തുന്നു. അവധിക്കാലത്ത് അടക്കം തിരക്കിൽ ട്രെയിനുകളിൽ കയറിപ്പറ്റാൻ കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടുമ്പോഴാണ് റെയിൽവേ ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.