മഴക്കെടുതി: ജില്ലയിൽ 12 ക്യാമ്പുകൾ
text_fieldsകോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 12 ക്യാമ്പുകൾ തുറന്നു. 176 കുടുംബങ്ങളിലെ 560 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 217 പുരുഷന്മാരും 231 സ്ത്രീകളും 112 കുട്ടികളും ക്യാമ്പുകളിലുണ്ട് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകര താലൂക്കിൽ ഏഴ് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 118 കുടുംബങ്ങളിലെ 355 അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. വിലങ്ങാട് വില്ലേജിലെ മൂന്ന് ക്യാമ്പുകളിലായി 98 കുടുംബങ്ങളിലെ 284 പേർ താമസിക്കുന്നുണ്ട്. കാവിലുംപാറ ക്യാമ്പിൽ എട്ട് കുടുംബങ്ങളിൽ നിന്നുള്ള 23 പേരും ചെക്യാട് ക്യാമ്പിൽ ആറ് കുടുംബങ്ങളിൽ നിന്നുള്ള 21 പേരുമുണ്ട്. തിനൂർ വില്ലേജിൽ ആരംഭിച്ച രണ്ട് ക്യാമ്പുകളിൽ ആറു കുടുംബങ്ങളിൽനിന്നുള്ള 27 അംഗങ്ങളുണ്ട്. വാണിമേൽ വില്ലേജിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശമായ ചിറ്റാരി മേഖലയിൽ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
താമരശ്ശേരിയിൽ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയിൽ കോളനിയിലെ എട്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.11 കുട്ടികൾ ഉൾപ്പെടെ 27 പേരെയാണ് വെണ്ടേക്കുംപൊയിൽ സാംസ്കാരിക നിലയത്തിലേക്ക് മാറ്റിത്താമസിപ്പിച്ചത്. മുൻകരുതലിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലായി നിലവിൽ നാല് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കരിയാത്തുംപാറയിലെ സെന്റ് ജോസഫ് എൽ.പി സ്കൂളിലും കക്കയത്തെ കെ.എച്ച്.ഇ.പി.ജി എൽ.പി സ്കൂളിലുമായി 32 കുടുംബങ്ങളിൽനിന്ന് 78 പേർ താമസിക്കുന്നുണ്ട്. ചക്കിട്ടപാറയിലെ നരേന്ദ്രദേവ് കോളനിയിൽ പ്രവർത്തിക്കുന്ന രണ്ട് ക്യാമ്പുകളിൽ 24 കുടുംബങ്ങളിൽ നിന്നുള്ള 62 പേരാണുള്ളത്. കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ വില്ലേജിൽ ശക്തമായ മഴയിൽ ഒരു വീട് ഭാഗികമായി തകർന്നു. ചെറുവത്ത് മീത്തൽ മാധവിയുടെ വീടാണ് തകർന്നത്.
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കനത്ത മഴയുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ 8.30ലെ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ വടകരയിൽ അഞ്ചും കൊയിലാണ്ടിയിൽ ഒരു സെന്‍റീ മീറ്ററും മഴയാണ് പെയ്തത്. കോഴിക്കോട് നഗരത്തിൽ 1.9 മില്ലീ മീറ്റർ മഴ മാത്രമാണ് കിട്ടിയത്. കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ല ദുരന്തനിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.