ചിങ്ങമഴ കനത്തു; പിന്നെ കുറഞ്ഞു
text_fieldsകോഴിക്കോട്: ചിങ്ങത്തിൽ മാനം കറുത്തപ്പോൾ ജില്ലയിൽ പെയ്തത് കനത്തമഴ. നഗരമുൾപ്പെടെ കോഴിക്കോട് താലൂക്കിൽ 10.08 സെൻറിമീറ്റർ മഴയാണ് തിങ്കളാഴ്ച രാവിലെ എട്ടു മണി വരെയുള്ള കണക്കുപ്രകാരം പെയ്തത്. െകായിലാണ്ടിയിൽ ആറും വടകരയിൽ 5.7ഉം സെൻറിമീറ്റർ മഴ ലഭിച്ചു. കക്കയം ഡാം പരിസരത്ത് 15 സെൻറിമീറ്റർ മഴ കിട്ടി. ചിലയിടങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരുന്നു. കടലിൽ വള്ളം പിളർന്നതൊഴിച്ചാൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ പലരും കടലിൽ പോയിരുന്നില്ല.
ഈങ്ങാപ്പുഴയിൽ മലവെള്ളപ്പാച്ചിൽ കാരണം അങ്ങാടിയിൽ കയറിയ വെള്ളം തിങ്കളാഴ്ച ഉച്ചയോടെ പൂർണമായും കുറഞ്ഞു. ഞായറാഴ്ച വൈകീട്ട് മുതൽ പെയ്ത മഴക്കു പിന്നാലെ രാത്രി ഏഴരയോടെയാണ് അങ്ങാടിയിൽ വെള്ളം കയറി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട് നഗരത്തിൽ മാവൂർ റോഡും പരിസരവും പതിവുപോലെ മഴയിൽ മുങ്ങി.
ഞായറാഴ്ചയും തിങ്കളാഴ്ചയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ പത്തു മണിക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിരുന്നു. തെക്ക്-കിഴക്ക് അറബിക്കടലിനോടു ചേര്‍ന്നുള്ള മധ്യ-കിഴക്ക് അറബിക്കടലില്‍ ന്യൂനമർദമുള്ളതിനാൽ ജില്ലയില്‍ സെപ്റ്റംബര്‍ 11 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ രണ്ടു വരെ 258.1 സെൻറിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 231.7 സെൻറിമീറ്ററാണ് കിട്ടേണ്ടിയിരുന്ന മഴ.
സെപ്റ്റംബര്‍ 11 വരെ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: തെക്ക്-കിഴക്ക് അറബിക്കടലിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്ക് അറബിക്കടലില്‍ ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയില്‍ സെപ്റ്റംബര്‍ 11 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതി ജാഗ്രത പാലിക്കണം.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.