കർഷകർക്ക് കണ്ണീർമഴ
text_fieldsകോഴിക്കോട്: വിളവെടുപ്പിന്റെയും പൂക്കാലത്തിന്റെയും വേളയിലെത്തിയ കാലംതെറ്റിയ മഴ കർഷകരെ കണ്ണീരിൽ മുക്കി. ‘മകരമാസത്തിലെ മഴ മലയാളത്തെ മുടിക്കുമെന്ന ’പഴഞ്ചൊല്ല് പറഞ്ഞുമാത്രം നടന്ന കർഷകർക്ക് മൂന്നു നാലു ദിവസത്തെ കനത്ത മഴ വിളനാശത്തിന്റെ ആഘാതത്തിനു പുറമെ കടക്കെണിയിലേക്ക് വഴിയും തുറന്നു.
കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നൂറുമേനി വിളഞ്ഞ നെൽക്കതിരുകൾ പകലന്തിയോളം പെയ്ത മഴവെള്ളത്തിനടിയിലായത് കർഷകരുടെ നെഞ്ചുതകർത്തു. ചക്ക, മാങ്ങ എന്നിവയെല്ലാം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്തുള്ള ശക്തമായ മഴ അവയുടെ പൊഴിഞ്ഞുപോകലിനും ഇടയാക്കി. ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം വിളവെടുക്കേണ്ട സമയത്ത് മഴപെയ്തതിനാൽ മണ്ണുകുതിർന്ന് അവ പാകമല്ലാതാകുന്നതിനുപുറമെ ചീഞ്ഞ് കേടു വർധിക്കുന്നതിനും ഇടയാക്കും. കാലവര്‍ഷക്കെടുതി വലിയ നാശനഷ്ടങ്ങളാണ് കാര്‍ഷികമേഖലയില്‍ ഉണ്ടാക്കിയിട്ടുള്ളത്. കാര്‍ഷികമേഖലയിലെ നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കൃഷി ഉദ്യോഗസ്ഥർ വിലയിരുത്തുകയാണ്.
മൂന്നു തരം ഇന്‍ഷുറന്‍സുകൾ
മൂന്നു തരം വിള ഇന്‍ഷുറന്‍സ് പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന വിള ഇന്‍ഷുറന്‍സും കേന്ദ്ര സര്‍ക്കാറുമായി യോജിച്ച് നടപ്പാക്കുന്ന PMFBY, RWBCIS എന്നിവയുമാണവ. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 27 ഇനം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൃഷി ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനക്കുശേഷം കര്ഷകന് മൊബൈല്‍ ഫോണില്‍ മെസേജ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കര്ഷകന് പ്രീമിയം തുക ജില്ല സഹകരണ ബാങ്കിലോ ഗ്രാമീണ ബാങ്ക് ശാഖകളിലോ അടക്കാം. ഓണ്‍ലൈനായി പോളിസിയും കരസ്ഥമാക്കാം.
വിളനാശം കൃഷിഭവനിൽ അറിയിക്കണം
പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ചാല്‍ ആദ്യം കൃഷിഭവനില്‍ വിവരം അറിയിക്കണം. നേരിട്ടോ www.aims.kerala.gov.in ലൂടെയോ വിവരം അധികൃതരെ അറിയിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് AIMS ആപ് ഡൗണ്‍ലോഡ് ചെയ്യാം. വിളകള്‍ ഇന്‍ഷൂര്‍ ചെയ്തിട്ടില്ലാത്തവര്‍ 10 ദിവസത്തിനുള്ളിലും ചെയ്തവര്‍ 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കണം.
അംഗമാകുന്നവർ
സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍. നെല്‍കൃഷിക്ക് ഓരോ കര്‍ഷകനും പ്രത്യേകമായോ ഗ്രൂപ് അടിസ്ഥാനത്തിലോ അംഗമാകാം.
വിളകള്‍ പൂര്‍ണമായി ഇന്‍ഷൂര്‍ ചെയ്യണം
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പോര്‍ട്ടല്‍ വഴി ഇന്‍ഷൂര്‍ ചെയ്ത വിളകള്‍ക്ക് പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം, രോഗ കീടബാധ എന്നിവമൂലം കൃഷിനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാം.
കര്‍ഷക രജിസ്ട്രേഷന്
കര്‍ഷകന്റെ ഫോട്ടോ, ഭൂമിസംബന്ധമായ വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്ത് സ്വന്തമായോ അക്ഷയ സെന്ററുകള്‍ മുഖേനയോ കൃഷിഭവന് മുഖാന്തരമോ ചെയ്യാം. ഈ സമയം ലഭിക്കുന്ന യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് വിളനാശം റിപ്പോര്‍ട്ട് ചെയ്യാം.
നിബന്ധനകള്‍
പ്രീമിയം തുക അടച്ച ദിവസം മുതല്‍ ഏഴു ദിവസത്തിനു ശേഷമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകൂ. വിളകള്‍ക്ക് ഉണ്ടാക്കുന്ന പൂര്‍ണ നാശത്തിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഭാഗികമായ നഷ്ടം കണക്കാക്കില്ല. നെല്‍കൃഷിക്ക് 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ പൂര്‍ണ നാശനഷ്ടമായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.