മഴയിൽ സങ്കടങ്ങൾ ; ഉണ്ണികുളം തെങ്ങിനുകുന്ന് മലയിലെ മണ്ണിടിച്ചിൽ
text_fieldsഎകരൂൽ: തെങ്ങിനുകുന്ന് മലയിലെ മണ്ണിടിച്ചിലിനു കാരണം ചെങ്കുത്തായ പ്രദേശത്തുണ്ടായിരുന്ന സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണെന്ന് വിലയിരുത്തൽ. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ചാണ് കുന്നിടിച്ചുനിരപ്പാക്കിയും കരിങ്കല്‍ ഖനനം നടത്തിയും ജനവാസമേഖലയിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിറ്റി ഗ്യാസ് സ്റ്റേഷൻ സ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി 10നാണ് ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ അങ്ങാടിക്കടുത്ത് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് തെങ്ങിനുകുന്ന് മലയിൽ മണ്ണിടിച്ചിലുണ്ടായത്. കുന്നിൻമുകളിൽ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭാഗത്തുനിന്ന് വലിയ പാറക്കഷ്ണം താഴോട്ട് ഉരുണ്ടുവീണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് സിറ്റി ഗ്യാസ് സ്റ്റേഷന്റെ ചുറ്റുമതിലിനാണ് ഇടിച്ചുനിന്നത്. ടൺകണക്കിന് ഭാരമുള്ള കൂറ്റൻപാറ മതിലിന് ഇടിച്ചുനിന്നില്ലായിരുന്നെങ്കിൽ വൻ ദുരന്തത്തിലായിരുന്നു കലാശിക്കുക.
പ്രകൃതിവാതകം സംഭരിച്ച വാഹനങ്ങളും തൊഴിലാളികളും സ്റ്റേഷനിലുണ്ടായിരുന്നു. ഗ്യാസ് സ്റ്റേഷന്റെ 10 മീറ്റർ ചുറ്റളവിൽ നിരവധി വീടുകളുമുണ്ട്. സ്റ്റേഷന്റെ സംരക്ഷണഭിത്തിയിൽ തട്ടിയില്ലായിരുന്നെങ്കിൽ കൂറ്റൻ പാറ ഇടിച്ച് സ്റ്റേഷനിലെ പ്രകൃതിവാതക സംഭരണ സംവിധാനങ്ങളും ഗ്യാസ് സിലിണ്ടർ നിറച്ച വാഹനങ്ങളും തൊഴിലാളികളും അപകടത്തിൽപെടുമായിരുന്നു. ശബ്ദം കേട്ട് പരിസരത്തെ വീട്ടുകാർ പുറത്തേക്കോടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ശിവപുരം വില്ലേജില്‍പെട്ട തെങ്ങിനുകുന്ന് മലയുടെ മധ്യഭാഗം ഇടിച്ചുനിരത്തിയും കരിങ്കൽ ഖനനം നടത്തിയും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സുരക്ഷാനിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനം ഭാവിയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കുന്നിൽനിന്ന് ഉരുണ്ടുവീണ കൂറ്റൻപാറ നീക്കുന്ന പ്രവൃത്തി രണ്ടാം ദിവസവും പൂർത്തിയായിട്ടില്ല. കുന്നിൻചരിവിൽ ഇളകിനിൽക്കുന്ന പാറക്കല്ലുകൾ ഇനിയും അവശേഷിക്കുന്നതിനാൽ കാലവർഷം ശക്തിപ്രാപിക്കുന്ന മുറക്ക് വീണ്ടും അപകടങ്ങൾ ഉണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അപകടാവസ്ഥ ചർച്ചചെയ്യാൻ ഉണ്ണികുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസ്, സിറ്റി ഗ്യാസ് അധികൃതർ, പ്രദേശവാസികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജിയോളജിസ്റ്റിനെക്കൊണ്ട് പ്രദേശത്ത് പരിശോധന നടത്താനും ജില്ല കലക്ടറെ നേരിൽകണ്ട് ജനങ്ങളുടെ ആശങ്ക അറിയിക്കാനും യോഗത്തിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.