മഴ കുറഞ്ഞു:കോഴിക്കോട് ജില്ലയിൽ ആറ് ക്യാമ്പുകളിലായി 129 പേർ
text_fieldsകോഴിക്കോട്: ജില്ലയിൽ മഴക്ക് നേരിയ ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നിലവിലുള്ള ആറ് ദുരിതാശ്വാസ ക്യാമ്പുകളിൽ 129 പേരാണുള്ളത്.
കോഴിക്കോട് താലൂക്കിൽ നാല് ക്യാമ്പുകളിലായി 33 പേരാണുള്ളത്. പന്നിയങ്കര വില്ലേജിലെ ജി.എൽ.പി.എസ് കപ്പക്കൽ, ചേവായൂർ വില്ലേജിലെ ജി.എച്ച്.എസ്.എസ് എൻ.ജി.ഒ ക്വാർട്ടേഴ്സ്, മാവൂർ വില്ലേജിലെ കച്ചേരിക്കുന്ന് അംഗൻവാടി, കുമാരനല്ലൂർ വില്ലേജിലെ മൂട്ടോളി അംഗൻവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കസബ വില്ലേജിലെ ക്യാമ്പ് പിരിച്ചുവിട്ടു.
കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരി ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് പിരിച്ചുവിട്ടു. ചങ്ങരോത്ത് വില്ലേജിലെ കടിയങ്ങാട് എൽ.പി സ്കൂളിലെ ക്യാമ്പിൽ ആറ് കുടുംബത്തിലെ 20 പേരാണുള്ളത്. വടകര താലൂക്കില്‍ നാദാപുരം വില്ലേജില്‍ ആരംഭിച്ച ക്യാമ്പില്‍നിന്നും കാവിലുംപാറ പഞ്ചായത്തിലെ ക്യാമ്പില്‍നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങി. നിലവില്‍ വടകര താലൂക്കില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവ. യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വെണ്ടക്കംപൊയിൽ എസ്.ടി കോളനിയിലെ 25 കുടുംബങ്ങളില്‍നിന്നുള്ള 76 അംഗങ്ങളാണ് താമസിക്കുന്നത്.
വടകര താലൂക്കിലെ തീരദേശ മേഖലയായ പുറങ്കര വളപ്പില്‍നിന്നും കടലാക്രമണത്തെ തുടര്‍ന്ന് ഒമ്പത് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കിൽ ഇതുവരെ 51 വീടുകൾക്കാണ് ഭാഗികമായി തകരാറുകൾ സംഭവിച്ചത്. കൊയിലാണ്ടി താലൂക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയില്‍ കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്ട്രോള് റൂം നമ്പര്‍: 0495 2371002.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.