കാലവർഷമെത്തി; അംഗൻവാടികളിലെ ഫിറ്റ്നസ് പരിശോധന പൂർത്തിയായില്ല
text_fieldsകോഴിക്കോട്: കാലവർഷമെത്തി, സ്കൂളും തുറന്നു. പക്ഷേ, ജില്ലയിലെ അംഗൻവാടി കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന ഇതുവരെ പൂര്‍ത്തിയായില്ല. ഫിറ്റ്നസ് പരിശോധിച്ച് ഐ.സി.ഡി.എസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ജൂൺ 15 പിന്നിട്ടിട്ടും പകുതിയോളം അംഗൻവാടികളിൽപോലും പരിശോധന പൂർത്തിയായിട്ടില്ല.
അംഗൻവാടികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഓരോ പഞ്ചായത്ത് പരിധിയിലെയും അസി. എൻജിനീയർമാരാണ്. സ്കൂള്‍ തുറന്നതോടെ സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രവൃത്തിയിലാണ് ഇവർ.
അതിനാല്‍ ഫിറ്റ്നസ് പരിശോധന ഇനിയും നീളാനാണ് സാധ്യത. അസി. എൻജിനീയർമാരുടെ കുറവും പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അംഗൻവാടിയിലെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനിത ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുഖേനയാണ് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
കാലവര്‍ഷമെത്തിയ സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍നിന്ന് എത്രയും വേഗം കുട്ടികളെ മാറ്റാനാണ് വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ, ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഏതെല്ലാമാണ് സുരക്ഷിതമെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ജില്ലയിലാകെ 2938 അംഗൻവാടികളാണ് പ്രവർത്തിക്കുന്നത്. ഇതില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 428ഓളം അംഗൻവാടികള്‍ക്ക് മതിയായ സുരക്ഷാക്രമീകരണങ്ങളില്ലെന്ന് പരാതിയുണ്ട്. നഗരപരിധിയില്‍ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് കെട്ടിട വാടക 4000ത്തില്‍നിന്ന് 6000മായും ഗ്രാമപ്രദേശങ്ങളില്‍ 1000ത്തില്‍നിന്ന് 2000മായും വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമല്ല പല കെട്ടിടങ്ങളും.
സംസ്ഥാനത്തെ പല അംഗൻവാടികളും ഫിറ്റ്നസ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വനിത ശിശുവികസന വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധനക്ക് നിര്‍ദേശം നൽകിയത്. ഏപ്രില്‍ 10നകം ഫിറ്റ്നസ് പരിശോധന ഉറപ്പാക്കാനായിരുന്നു ആദ്യ നിര്‍ദേശം. ഈ നിർദേശം പാലിക്കപ്പെടാതിരുന്നതിനെ തുടർന്നാണ് തീയതി നീട്ടിനൽകിയത്. എന്നിട്ടും പരിശോധന പൂർത്തിയാക്കാനായിട്ടില്ല. മഴയും കാറ്റും വർധിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഫിറ്റ്നസില്ലാത്ത പല അംഗൻവാടികളും പിഞ്ചുകുഞ്ഞുങ്ങൾക്ക് ഭീഷണിതന്നെയാണ്.
500 മുതല്‍ 600 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി, ശുചിമുറി, കുടിവെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങളും കുട്ടികളിരിക്കുന്ന മുറിയില്‍ ഗ്യാസ് സൗകര്യം ഉണ്ടാകാതിരിക്കുക, അപകട സാധ്യതയുള്ള മരങ്ങളുണ്ടാകാന്‍ പാടില്ല എന്നിങ്ങനെയാണ് ഫിറ്റ്നസ് മാനദണ്ഡങ്ങള്‍.
കുട്ടികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതൊന്നും അംഗൻവാടികളിലില്ലെന്ന് ഉറപ്പാക്കേണ്ടത് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫിസറുടെയും സൂപ്പര്‍വൈസറുടെയും ഉത്തരവാദിത്തമാണ്. കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റുകയും കെട്ടിടത്തിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
ജില്ലയിലെ അംഗൻവാടികളിലെ പരിശോധന ഉടൻ പൂര്‍ത്തീകരിച്ച് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കോഴിക്കോട് ഐ.സി.ഡി.എസ് ഓഫിസര്‍ പി. അനിത പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യമുണ്ടായാല്‍ ഉത്തരവാദപ്പെട്ട ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.