നന്മയുള്ള ലോകമേ; കാണണം ഈ കുടുംബത്തിന്റെ ദുരിതജീവിതം
text_fieldsപൂനൂർ: 21 വർഷമായി സ്വന്തം മകളെ പരിചരിച്ച് കഴിയുകയാണ് ഒരച്ഛൻ. ഉണ്ണികുളം പഞ്ചായത്ത് ഏഴാം വാർഡിൽപെട്ട ഉമ്മിണി കുന്നുമ്മൽ യു.കെ. രാജനാണ് (57) മാനസിക രോഗിയായ മകൾ അനുശ്രീയെ ശുശ്രൂഷിച്ച് കഴിയുന്നത്. പരസഹായം ഇല്ലാതെ ഒന്നിനും കഴിയാത്ത അനുശ്രീ അച്ഛന്റെ തണലിൽ 21 വയസ്സിലേക്ക് കടക്കുകയാണ്. അനുശ്രീയുടെ ജനനത്തോടെ മാനസിക രോഗിയായ അമ്മ സ്വന്തം വീട്ടിലാണ് താമസം. രാജന്റെ മാതാവ് ചിരുതക്കുട്ടിയായിരുന്നു അനുശ്രീയെ പരിചരിച്ചിരുന്നത്. ഏഴുവർഷം മുമ്പ് ചിരുതക്കുട്ടിയും ശരീരം തളർന്ന് കിടപ്പിലായതോടെ രാജന്റെ ദുരിതം ഇരട്ടിയായി.
കിടപ്പിലായ അമ്മയെയും മാനസിക രോഗിയായ മകളെയും പരിചരിക്കേണ്ട ചുമതല രാജനിൽ വന്നുചേർന്നു. ഒരുവരുമാനമാർഗവും ഇല്ലാത്ത ആരുടെയൊക്കെയോ സഹായംകൊണ്ട് ജീവിതം തള്ളിനീക്കുന്നതിനിടയിൽ ഒന്നര മാസം മുമ്പ് അമ്മ ചിരുതക്കുട്ടിയും മരണത്തിന് കീഴടങ്ങി. അമ്മയുടെ മരണത്തോടെ മകളെ പരിചരിച്ചു കഴിയുന്ന രാജന്റെ മനസ്സും തളരുകയാണ്. മകളെ തനിച്ചാക്കി എങ്ങോട്ടും പോകാൻപറ്റാത്ത അവസ്ഥയിലാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന് മറുപടിയില്ല ഈ പിതൃഹൃദയത്തിന്. അമ്മയുടെ പേരിലുള്ള ഭൂമിയിലാണ് കുടുംബം ചെറിയ വീട് വെച്ച് കഴിയുന്നത്. വീടിന് മുൻഭാഗത്തും അടുക്കള ഭാഗത്തും വാതിൽപോലും വെച്ചിട്ടില്ല. അടച്ചുറപ്പില്ലാത്ത ഈ വീട്ടിലാണ് മകളുടെ ഒപ്പം രാജൻ കഴിയുന്നത്. 2012ൽ വീട് നിർമിക്കാൻ നന്മണ്ട റൂറൽ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റിയിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ലോണിലേക്ക് 68,000 രൂപ രാജൻ തിരിച്ചടക്കുകയും ചെയ്തു.
അമ്മ ശരീരം തളർന്ന് കിടപ്പായപ്പോൾ രാജന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ലോൺ തിരിച്ചടവ് മുടങ്ങി പലിശയും പിഴപ്പലിശയുമടക്കം രണ്ടര ലക്ഷത്തിലധികം രൂപ സൊസൈറ്റിക്ക് കടബാധ്യതയാവുകയും ചെയ്തു. ഒന്നരമാസം മുമ്പ് വീട് ജപ്തി ചെയ്യാൻ നോട്ടീസുമായി ഹൗസിങ് സൊസൈറ്റി ജീവനക്കാർ വീട്ടിൽ വന്നിരുന്നു. രാജന്റെ ദയനീയാവസ്ഥകണ്ട് ജീവനക്കാർ ജപ്തി നോട്ടീസ് നൽകി തിരിച്ചുപോയതാണ്. ഏതുനിമിഷവും ഇറങ്ങേണ്ടി വരുന്ന വീട്ടിലെ താമസത്തിന് പരിഹാരമാണ് രാജന്റെ വലിയ സ്വപ്നം. പാറിപ്പറന്ന് നടക്കേണ്ട മകളുടെ അവസ്ഥയിൽ നൊമ്പരപ്പെടുന്ന രാജനും മകൾ അനുശ്രീക്കും സുമനസ്സുകളിലാണ് പ്രതീക്ഷയത്രയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.