നോമ്പ് തുടങ്ങിയതോടെ ഉഷാറായി പഴവിപണി
text_fieldsകോഴിക്കോട്: കടുത്ത ചൂടിനൊപ്പം നോമ്പുകാലവും പിറന്നതോടെ ഉഷാറായി പഴവിപണി. നോമ്പുതുറകൾക്ക് ഭൂരിഭാഗം പേരും പഴങ്ങൾ ഉപയോഗിക്കുന്നതിനാൽ പഴക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കടകൾക്ക് പുറമെ വഴിയോരങ്ങളിലും വാഹനങ്ങളിലും വിവിധയിനം പഴങ്ങളുടെ കച്ചവടവും നടക്കുന്നുണ്ട്.
നോമ്പിനെ എതിരേൽക്കാൻ കൂടുതൽ പഴങ്ങൾ എത്തിയതോടെ പാളയം മാർക്കറ്റിലും മറ്റും പഴങ്ങൾ വാങ്ങിക്കാൻ വൻ തിരക്കാണ്. എന്നാൽ, ഇത്തവണയും ആവശ്യക്കാരേറെയുള്ളത് തണ്ണിമത്തനുതന്നെ. താരതമ്യേന വിലക്കുറവും ജലാംശം കൂടുതലുണ്ട് എന്നതുമാണ് തണ്ണിമത്തനെ താരമാക്കുന്നത്. തമിഴ്നാട്ടിലെ ദിണ്ടിവനം, ആന്ധ്രയിലെ നെല്ലൂർ എന്നിവിടങ്ങളിൽനിന്നാണ് കോഴിക്കോട്ട് തണ്ണിമത്തനെത്തുന്നത്. കറാച്ചി (കടുംപച്ച), മഞ്ഞ, ഇളംപച്ച നിറത്തിലുള്ള വലിയ തണ്ണിമത്തൻ എന്നിവയാണ് വിപണിയിൽ എത്തുന്നത്. സാദാ തണ്ണിമത്തന് 30 രൂപയും കറാച്ചിക്ക് 35 രൂപയുമാണ് വില.
ജ്യൂസുണ്ടാക്കാൻ വലിയതോതിൽ വാങ്ങുന്ന ഷമാം, കുന്ദന എന്ന പേരിലാണ് കർണാടകയിൽ അറിയപ്പെടുന്നത്. തമിഴിൽ കിരണിപ്പഴമെന്നും മലയാളത്തിൽ തയ്കുമ്പളമെന്നും അറിയപ്പെടുന്ന ഷമാമിന് 60 രൂപയാണ് വില. ചിക്കുവിനും പൈനാപ്പിളിനും ഏതാണ്ട് ഇതേ വിലയാണ്. ചിക്കുവിന് 65 രൂപയും പൈനാപ്പിളിന് 60 രൂപയുമാണ് വില. പപ്പായക്ക് 40 രൂപ. പാളയം മാർക്കറ്റിൽ കിലോക്ക് 40 രൂപ മുതൽ ഓറഞ്ച് ലഭിക്കും. ഗുണമേന്മ കൂടുതലുള്ളതിന് 50ഉം 60ഉം വരെ വിലയുണ്ട്. വാഴപ്പഴങ്ങളായ റോബസ്റ്റ്, പാളയൻകോടൻ, ഞാലിപ്പൂവൻ എന്നിവക്ക് വില വർധിച്ചിട്ടില്ല. ഞാലിപ്പൂവന് 50 രൂപയും റോബസ്റ്റിനും മൈസൂർ പൂവനും 40 രൂപയും നേന്ത്രപ്പഴത്തിന് 45 രൂപയുമാണ് വില. തായ്ലൻഡ് പേരക്കക്ക് 100 രൂപയും സാദാ പേരക്കക്ക് 60 രൂപയുമാണ് വില. കുരുവില്ലാത്ത പച്ചമുന്തിരി 120 രൂപക്കും കറുത്ത മുന്തിരി 140 രൂപക്കും ലഭിക്കും.
മാങ്ങാക്കാലമായില്ലെങ്കിലും വിപണിയിൽ മാങ്ങയും ലഭ്യമാണ്. ഒരു കിലോ നീലം മാങ്ങക്ക് 160 രൂപയാണ് വില. ആപ്പിളിന് കിലോക്ക് 200 രൂപയായി. ഇത്തവണ ഏറ്റവും കൂടുതൽ വിലയുള്ളത് ചെറുനാരങ്ങക്കും കക്കിരിക്കുമാണ്. ചെറുനാരങ്ങക്ക് 140 രൂപയും കക്കിരിക്ക് 60 രൂപയുമായി വില വർധിച്ചു. നോമ്പുമുറിക്കുന്നതിന് നാരങ്ങവെള്ളം ഒഴിച്ചുകൂടാത്ത ഇനമായതിനാൽ ചെറുനാരങ്ങക്ക് ഇനിയും വില കൂടുമെന്നാണ് അനുമാനം.
ചൂട് കടുത്തതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കടകളുടെ എണ്ണവും കൂടിവരുകയാണ്. കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവക്കാണ് വലിയ ഡിമാൻഡ്. ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നത് 30 രൂപയാണ്. ജ്യൂസ് വിൽപന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാൽ, ജ്യൂസുകളിൽ ഐസ്, വെള്ളം എന്നിവയുടെ കാര്യത്തിൽ കടുത്ത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് കർശന നടപടികളാണ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.