നൂറ്റാണ്ടുകളുടെ താളം ഈ പെരുന്നാളിനില്ല
text_fieldsകോഴിക്കോട്: നൂറ്റാണ്ടുകളായി എല്ലാ പെരുന്നാളിനും നഗരത്തിൽ മുഴങ്ങുന്ന ആ താളം ഇത്തവണയുണ്ടാവില്ല. കുറ്റിച്ചിറ മിശ്കാൽ പള്ളിയുടെ കൊത്തുപണികളലങ്കരിച്ച മച്ചകത്തുനിന്ന് തേമ്പർ ഇത്തവണ ആളുകൂടി ആഘോഷമായി മുറ്റത്തിറക്കി താളമിടേണ്ടെന്നാണ് തീരുമാനം. എന്നാൽ, മാസപ്പിറവി കണ്ടാൽ പള്ളിഗോപുരത്തിൽ കത്തിക്കുന്ന വിളക്ക് പ്രകാശം ചൊരിയും. കൂറ്റൻ ചെമ്പ് ഡ്രമ്മിൽ ബലിമൃഗ തോൽ പ്രത്യേക പാകത്തിൽ ഉണക്കി ചെമ്പ് കമ്പികളാൽ ഉറപ്പിച്ചു കെട്ടിയതാണ് തമ്പേർ എന്ന താള ഉപകരണം. ഇതിൽ വലിയ മരകൊട്ടുവടികൾകൊണ്ടാണ് മുട്ടുക.
14ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പള്ളിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ശീലമാണ് തേമ്പറ് മുട്ടലും വിളക്ക് കത്തിക്കലും. കൊല്ലത്തിൽ രണ്ടുതവണ പെരുന്നാളായാൽ മാത്രമേ പള്ളിയിലെ ഗോപുരത്തിലെ വിളക്കു കത്തുകയും തേമ്പറിൽ താളമുയരുകയുമുള്ളൂ. തലമുറകളായി തുടരുന്ന തേമ്പറടിയാണ് കോവിഡ് മഹാമാരിയുടെ മുൻകരുതൽ ഭാഗമായി ഇല്ലാതാവുന്നത്. ഖാദിമാർ മാസപ്പിറവി പ്രഖ്യാപിച്ച ഉടനെയും ചെറിയ പെരുന്നാളിെൻറയും വലിയ പെരുന്നാളിെൻറയും നമസ്കാരത്തിന് ശേഷവുമാണ് തമ്പേറ് കൊട്ട്. ചന്ദ്രപിറവി പ്രഖ്യാപിച്ചാൽ 10 മിനിറ്റ് നീളുന്ന കൊട്ട് കേട്ടാണ് തെക്കേപ്പുറത്തുകാർ മാസം കണ്ടതറിയുക. പിറ്റേന്ന് പെരുന്നാൾ ദിവസം ചെറിയകുട്ടികൾക്ക് മുതൽ വയോധികർക്ക് വരെ മതിവരുവോളം കൊട്ടിക്കൊണ്ടിരിക്കാം.
കോഴിക്കോട്ടെ ഖാദി പരമ്പരയുടെ പ്രധാന കേന്ദ്രമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയുടെ നൂറുകണക്കിന് പ്രത്യേകതകളിലൊന്ന് മാത്രമാണീ താളമിടൽ. പെരുന്നാളിന് മുട്ടി മുട്ടി തമ്പേറിെൻറ തോലുകൾ പൊട്ടിയ അപൂർവം അവസരങ്ങളുമുണ്ടായിട്ടുണ്ട്. ഖാദി കെ.വി. ഇമ്പിച്ചമ്മത് ഹാജിയുടെ നേതൃത്വത്തിലും പരമ്പരാഗത രീതി തുടർന്നുവരുകയായിരുന്നു. നോമ്പിനും പെരുന്നാളിനും തമ്പേർ കൊട്ടാൻ കഴിഞ്ഞില്ലെങ്കിലും പെരുന്നാൾ നിശ്ചയിച്ചാലുള്ള വിളക്ക് കത്തിക്കാനാണ് തീരുമാനം. തുടക്കത്തിൽ വലിയ മണ്ണെണ്ണവിളക്കായിരുന്നുവെങ്കിലും ഈയിടെയായി വൈദ്യുതി വിളക്കാണ് മിശ്കാൽ പള്ളിയിലെ മുഅ്ദിൻ കോയമോൻ കത്തിക്കാറ്. കോഴിക്കോട്ട് താമസമാക്കിയ യമനിലെ വ്യാപാര പ്രമുഖൻ നാഖുദാ മിസ്ബാൽ പണികഴിപ്പിച്ച പള്ളിക്ക് 1510ലെ റമദാനിൽ പറങ്കികൾ തീയിട്ടതും കോളറയടക്കം മഹാമാരികൾ പിന്നിട്ടതുമായ ചരിത്രമുണ്ടെങ്കിലും പള്ളി അടച്ചിടുന്നതും ശീലങ്ങൾ മുടങ്ങുന്നതും ആദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.