പെരുന്നാൾ, വിഷു തിരക്കിൽ കോഴിക്കോട്
text_fieldsകോഴിക്കോട്: കോവിഡ് കഴിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കിലാണ് നഗരം. ചൊവ്വാഴ്ച രാത്രി വൈകിയും വൻ തിരക്കായിരുന്നു നഗരത്തിൽ. മിഠായിതെരുവിൽ കടുത്ത ചൂടിലും ഷോപ്പിങ്ങിനെത്തുന്നത് ആയിരങ്ങളാണ്. മുമ്പ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു എത്തിയതെങ്കിൽ ഇപ്പോൾ കേരളത്തിൽ എല്ലാ ജില്ലയിൽ നിന്നും ആളെത്തുന്നതായി മിഠായി തെരുവിലെ കച്ചവടക്കാർ പറയുന്നു.
കടുത്ത ചൂടിൽ മിക്ക കടകളിലും കുടിവെള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കടകളിലേക്ക് വെള്ളം എത്തിക്കാൻ വിതരണക്കാർ പ്രയാസപ്പെടും വിധമാണ് ആവശ്യക്കാർ. നോമ്പ് തുറക്കുന്ന നേരങ്ങളിൽ കുടിവെള്ളത്തിനുള്ള ആവശ്യക്കാർ കൂടും. പെരുന്നാളും വിഷുവും ഒന്നിച്ച് വന്നതോടെയാണ് ഇത്തവണ തിരക്കിന്റെ ഉത്സവമായത്.
ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത് നഗരത്തിലെ പാർക്കിങ് പ്രശ്നമാണ്. മിഠായി തെരുവിൽ സത്രം ബിൽഡിങ് പൊളിച്ച സ്ഥലത്ത് ഇരു ചക്രവാഹനങ്ങൾ നിർത്താൻ അനുവദിച്ചു തുടങ്ങിയത് ആശ്വാസമാണ്. ഇവിടെ കാറുകൾക്കും പാർക്കിങ് വേണമെന്ന ആവശ്യം തുടരുന്നു. മാനാഞ്ചിറ കോംട്രസ്റ്റിന് ചുറ്റും ടൗൺഹാൾ റോഡിലും ബഷീർ റോഡിലുമെല്ലാം വണ്ടി നിർത്താൻ പറ്റാത്ത വിധം തിരക്കാണ്. നഗരത്തിലെ മാളുകളിലും വസ്ത്രാലയങ്ങളിലുമെല്ലാം സാധനം വാങ്ങാനെത്തുന്നവരുടെ തിരക്കനുഭവപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് തിരക്ക് കൂടിയത്.
പുതിയ ട്രെൻഡായ ബീച്ചിൽ ഒന്നിച്ചുകൂടിയുള്ള നോമ്പ് തുറക്ക് ഏറെപേർ എത്തിയിരുന്നു. റമദാന്റെ അവസാന ദിവസങ്ങളിലും ബീച്ചിൽ ദൂര ദിക്കിൽ നിന്നുപോലും നോമ്പ് തുറ സംഘം വാഹനങ്ങളിലെത്തി. ഇവരിൽ ഭൂരിപക്ഷവും നഗരത്തിൽ പെരുന്നാൾ ഷോപ്പിങ് കൂടി കഴിഞ്ഞാണ് മടങ്ങിപ്പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.