രാമനാട്ടുകര നഗരസഭ പുതിയ ഓഫിസ് കെട്ടിട നിർമാണപ്രവൃത്തി ആരംഭിച്ചു
text_fieldsരാമനാട്ടുകര: നഗരസഭയുടെ പുതിയ ഓഫിസ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ബുഷ്റ റഫീക്ക് അധ്യക്ഷത വഹിച്ചു.
കൈമാറ്റ വ്യവസ്ഥയില്‍ നഗരസഭ സ്വന്തമാക്കിയ രാമനാട്ടുകര ബസ് സ്റ്റാന്‍ഡിനു സമീപത്തെ 1.02 ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള അഞ്ചുനില കെട്ടിടം പണിയുന്നത്. നഗരസഭ ആസ്ഥാനമന്ദിരം നിര്‍മാണത്തിനു നേരത്തേ സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപയാണ് വകയിരുത്തിയത്. പിന്നീട് കിഫ്ബിയില്‍ വിശദമായി സമര്‍പ്പിച്ച പദ്ധതിയിലാണ് 12.40 കോടിയുടെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചത്.
4151 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഓഫിസ് സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതി ഭൂമി ഏറ്റെടുത്തെങ്കിലും ഭൂമിയുടെ തരം തണ്ണീർത്തടമായതിനാല്‍ പ്രവൃത്തി തുടങ്ങാനായില്ല. 2020ല്‍ പുതിയ ഭരണസമിതി അധികാരമേറ്റശേഷം നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായി 2022 ഫെബ്രുവരി 16ന് ഭൂമി തരംമാറ്റാന്‍ അനുമതി ലഭിച്ചു.
അതേമാസം 21നുതന്നെ എഗ്രിമെന്റ് വെക്കാനും നഗരസഭക്കായി. ടെൻഡര്‍ നടപടികളും കോടതി വ്യവഹാരങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിച്ചതോടെയാണ് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ നഗരസഭക്കായത്. ഉപാധ്യക്ഷന്‍ കെ. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. നദീറ, വി.എം. പുഷ്പ, പി.കെ. ലത്തീഫ്, സഫ റഫീക്ക്, കൗണ്‍സിലര്‍ എം.കെ. ഗീത, സെക്രട്ടറി പി.ജെ. ജസിത, മുന്‍ ചെയര്മാന് വാഴയില്‍ ബാലകൃഷ്ണന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലട മുഹമ്മദലി, കെ.കെ. മുഹമ്മദ് കോയ, ടി.പി. ശശീധരന്, നിര്മാണ് കണ്‍സ്ട്രക്ഷന്‍ എ.എം. മുഹമ്മദ്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ-വ്യാപാരി-വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.