മാലിന്യം നിറഞ്ഞ് രാമനാട്ടുകര-വെങ്ങളം ബൈപാസ്
text_fieldsകോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് മാലിന്യംതള്ളൽ കേന്ദ്രമായി മാറുന്നു. വേങ്ങേരി, മലാപ്പറമ്പ്, തൊണ്ടയാട് ഭാഗങ്ങളിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. റോഡ് ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി നടക്കുന്ന ഭാഗങ്ങളും വ്യാപാരസ്ഥാപനങ്ങളുടെ പരിസരവും ഒഴികെയുള്ള പ്രദേശങ്ങളാണ് മാലിന്യംതള്ളൽ കേന്ദ്രങ്ങളാവുന്നത്.
വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലുള്ള ഭാഗത്താണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. തുണികൾ, കുപ്പികൾ, പഴയ ബാഗുകൾ, കിടക്കകൾ, പാമ്പേഴ്സുകൾ എന്നിവയാണ് ഈ ഭാഗത്ത് തള്ളിയത്. കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ അടക്കമുള്ളവയും പലഭാഗത്തും വാഹനങ്ങളിൽ കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്.
രാത്രിസമയങ്ങളിൽ പല ഭാഗത്തും കക്കൂസ് മാലിന്യം തള്ളുന്ന സ്ഥിതിയുമുണ്ട്. മാലിന്യമടക്കമുള്ളവ മഴക്കാലത്ത് സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒലിച്ചിറങ്ങി ആരോഗ്യഭീഷണിയാകുമെന്ന് സമീപവാസികൾ പറയുന്നു. പലപ്പോഴും വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്.
ബൈപാസിൽ ലൈറ്റുകളില്ലാത്തതും പൊലീസിന്റെയും നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും രാത്രികാല പട്രോളിങ് കുറഞ്ഞതും ഇത്തരക്കാർക്ക് അനുഗ്രഹമാവുകയാണ്. അതേസമയം, ബൈപാസ് റോഡരികിലെ മാലിന്യങ്ങൾ തിങ്കളാഴ്ച നീക്കംചെയ്യുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.
കോർപറേഷന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ രാവിലെ ആറുമുതൽ കോർപറേഷൻ ശുചീകരണ തൊഴിലാളികളും ഹരിതകർമസേന പ്രവർത്തകരും ചേർന്നാണ് ശുചീകരണം നടത്തുക.
ബൈപാസിന്റെ പ്രവൃത്തി പൂർത്തിയാവുന്നതുവരെ പ്രദേശത്തെ കോർപറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് നിരീക്ഷണം ശക്തമാക്കാനും റോഡരികിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതടക്കം നിയമനടപടികൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട് -അവർ പറഞ്ഞു. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നതിന്റെ ഫോട്ടോ സഹിതം cpkkd.pol@kerala.gov.in എന്ന മെയിലിൽ പരാതി നൽകുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.