മെഡി. കോളജ് ജങ്ഷനിലെ അപകടക്കവലയിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ജങ്ഷനിലെ അപകടക്കവലയിൽ ദുരന്തം ആവർത്തിക്കുമ്പോഴും ഗതാഗത പരിഷ്കാര നടപടികൾ കടലാസിൽ. ഏറ്റവും തിരക്കേറിയ ജങ്ഷനിൽ സ്വകാര്യ ബസുകൾ അമിതവേഗതയിലാണ് പായുന്നത്. തിങ്കളാഴ്ച കാൽനടക്കാരി ദാരുണമായി മരിച്ച അപകടവും ബസിന്റെ അമിതവേഗത കാരണമുണ്ടായതാണ്.
കാൽനടക്കാരെ ഭീതിയിലാഴ്ത്തിയാണ് ഇവിടെ ബസുകളുടെ മരണപ്പാച്ചിൽ. തോന്നിയപോലെ റോഡിന് നടുവിൽപോലും നിർത്തി യാത്രക്കാരെ കയറ്റുന്നു. നോ പാർക്കിങ് ബോർഡുകൾ നോക്കുകുത്തിയായി നിൽക്കുമ്പോൾ കാറുകളും ഇരുചക്രവാഹനങ്ങളും തലങ്ങും വിലങ്ങും നിർത്തിയിടുന്നു. ഓട്ടോറിക്ഷ സ്റ്റാൻഡ്പോലും അശാസ്ത്രീയവും നിയവിരുദ്ധവുമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
സദാ അപകടമുണ്ടാവുന്ന മേഖലയാണ് മെഡിക്കൽ കോളജ് പരിസരം. ഗതാഗത പരിഷ്കരണനടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ട്രാഫിക് റെഗുലേറ്റററി അതോറിറ്റി ചെയർമാൻ, അസി. പൊലീസ് കമീഷണർ എന്നിവരോട് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടത് അടുത്തകാലത്താണ്.
മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കുകയാണ് പ്രശ്നത്തിന് ഏക പരിഹാരം. കോഴിക്കോട് കോർപറേഷനാണ് ഇതിന് നടപടി സ്വീകരിക്കേണ്ടത്. വർഷങ്ങളായി ബസ് സ്റ്റാൻഡ് പദ്ധതി കടലാസിലാണ്. ഐ.എം.സി.എച്ചിന് മുന്നിൽ ഇതിനായി കണ്ടുവെച്ച സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്.
സിറ്റി ബസുകളും മാവൂർ, കുന്ദമംഗലം, ദേവഗിരി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകളും ഒരുമിച്ച് റൗണ്ട് എബൗട്ടിലെത്തുമ്പോൾ ആർക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്. യാത്രക്കാരെ പിടിക്കാനായി സ്വകാര്യ ബസുകൾ ഇതിനിടയിൽ നടത്തുന്ന മത്സരം കൂടുതൽ അപകടമുണ്ടാക്കുന്നു. കുന്നിൻ ചരിവായതിനാൽ അപകടസാധ്യത കൂടുതലാണ്. ഇതുകൂടാതെ കിഴക്കെചാൽ റോഡിൽനിന്ന് ചെറുവാഹനങ്ങളും ഈ ബസുകൾക്കിടയിലേക്ക് വന്നുകയറുമ്പോൾ ഗതാഗതക്കുരുക്കിന് ആക്കംകൂടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.