റേഷൻകട അടച്ചുപൂട്ടൽ; ആശങ്കയിൽ വ്യാപാരികൾ
text_fieldsകോഴിക്കോട്: 3872 റേഷൻ കടകൾ അടച്ചുപൂട്ടാനുള്ള വിദഗ്ധ സമിതി ശിപാർശ വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ ജില്ലയിൽ ചില കടകൾക്കെങ്കിലും താഴുവീഴുമെന്ന ആശങ്കയിൽ വ്യാപാരികൾ. 15 ക്വിന്റൽ ഭക്ഷ്യവസ്തുക്കളിൽ താഴെ വിതരണം ചെയ്യുന്ന, അല്ലെങ്കിൽ 10,000ത്തിൽ താഴെ വരുമാനമുള്ള കടകൾ അടച്ചുപൂട്ടണമെന്നാണ് ശിപാർശ. സംസ്ഥാനത്താകെയുള്ള 13,872 റേഷൻ കടകൾ 10,000മായി ചുരുക്കണമെന്നാണ് നിർദേശം. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 85 കടകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, 3872 കടകൾ ഒഴിവാക്കണമെങ്കിൽ 10,000ത്തിൽ താഴെ കമീഷൻ ലഭിക്കുന്ന 85 കടകൾ മാത്രം അടച്ചുപൂട്ടിയാൽ മതിയാകില്ലെന്ന് വ്യക്തമാണ്. അതിനാൽ മറ്റ് കടകളിലും പൂട്ട് വീഴുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.
ജില്ലയിലാകെ 957 റേഷൻ കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും 10,000 രൂപയിൽ താഴെ കമീഷൻ ലഭിക്കുന്ന ഒരുകടപോലുമില്ല. 10,000-15,000 രൂപ കമീഷൻ ലഭിക്കുന്ന ഒമ്പത് കടകളും 15,000-18,000 രൂപ കമീഷൻ ലഭിക്കുന്ന 20 കടകളുമാണ് പ്രവർത്തിക്കുന്നത്. 18,000 രൂപയുടെ മുകളിൽ കമീഷൻ ലഭിക്കുന്ന 928 കടകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
എന്നാൽ, കടകൾ അടച്ചുപൂട്ടുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ഓൾ കേരള റേഷൻ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു. 2018ൽ നിയോഗിച്ച കമീഷനും ഇത്തരത്തിൽ റേഷൻ കടകൾ അടച്ചുപൂട്ടണമെന്ന് ശിപാർശ നൽകിയിരുന്നുവെങ്കിലും നടപ്പായില്ല.
അതിനാൽ ഈ ശിപാർശയും നടപ്പാക്കണമെന്ന് സർക്കാർ ശാഠ്യം പിടിക്കില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.