ജില്ലയിലെ റേഷൻ കടകളും കാലി
text_fieldsകോഴിക്കോട്: റേഷൻ വാതിൽപ്പടി ജീവനക്കാരുടെയും വ്യാപാരികളുടെയും സമരങ്ങൾ അവസാനിച്ചെങ്കിലും ജില്ലയിലെ റേഷൻ കടകൾ ബുധനാഴ്ചയും കാലിയായി തുടർന്നു. സമരം തീർന്നല്ലോ എന്ന ആശ്വാസത്തിൽ റേഷൻകടകളിൽ എത്തിയവർ സാധനങ്ങൾ കിട്ടാതെ മടങ്ങി.
ജില്ലയിലെ 25 ശതമാനം കടകളിൽ മാത്രമേ ധാന്യങ്ങൾ എത്തിയിട്ടുള്ളൂ എന്ന് ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ മാസം ഒന്നുമുതൽ 25 വരെ വാതിൽപടി ജീവനക്കാരുടെ സമരം കാരണം റേഷൻ കടകളിലേക്കുള്ള ധാന്യ വിതരണം മുടങ്ങിയിരുന്നു.
27 റേഷൻ വ്യാപാരികളും കടകൾ അടച്ചു പ്രതിഷേധിച്ചു. ഇതുകാരണം റേഷൻ വിതരണം പൂർണമായും സ്തംഭിച്ച അവസ്ഥയാണ്. മന്ത്രിയുമായുള്ള ചർച്ചയിൽ റേഷൻ വ്യാപാരികളുടെ സമരം അവസാനിച്ചെങ്കിലും കടകളിൽ ധാന്യങ്ങൾ സ്റ്റോക്കില്ലാത്തതിനാൽ ബുധനാഴ്ചയും റേഷൻ വിതരണം പൂർണതോതിൽ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലോഡ് ഇറക്കാൻ ലോറി ഉടമകൾ തയാറാവാതിരുന്നത് കാരണം ചൊവ്വാഴ്ച വൈകീട്ടോടെയാണ് വാതിൽപടി വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞത്.
റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കാൻ കഴിയാത്തതിനാൽ ഒരു കടയിൽ നിന്നുമാത്രം സാധനങ്ങൾ വാങ്ങുന്നവരും മറ്റു കടകളിലേക്ക് പോകാൻ ബുദ്ധിമുട്ടുള്ളവരുമായ ആളുകൾക്ക് ഇതുവരെ ധാന്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
അതിനാൽ ജനുവരി മാസത്തെ റേഷൻ വാങ്ങുന്നതിനുള്ള സമയം ഫെബ്രുവരി 10 വരെ നീട്ടുകയോ ഫെബ്രുവരി മാസ വിഹിതത്തിൽ കൂട്ടിനൽകുകയോ ചെയ്യണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഇ. ശ്രീജൻ എന്നിവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.