ലക്ഷങ്ങൾ ഫീസ് വാങ്ങി പരിശീലനം നൽകാതെ സ്വകാര്യസ്ഥാപനം വഞ്ചിച്ചതായി പരാതി
text_fieldsകോഴിക്കോട്: സ്വകാര്യസ്ഥാപനം ലക്ഷങ്ങൾ ഫീസ് വാങ്ങി വിദ്യാർഥികളെ വഞ്ചിച്ചതായി പരാതി. കോഴിക്കോട് നടക്കാവിലെ ലക്മെ അക്കാദമിയിലെ അഡ്വാൻസ് കോസ്മറ്റോളജി വിദ്യാർഥികളാണ് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് മേധാവിക്കും പരാതി നൽകിയത്.
2019ൽ രണ്ട് ലക്ഷത്തോളം രൂപ ഫീസ് നൽകി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മതിയായ പരിശീലനം നടത്താതെയും പരീക്ഷ നടത്താതെയും വഞ്ചിച്ചെന്നാണ് പരാതി. ഫീസ് മുഴുവൻ തിരികെ നൽകാൻ നടപടി ഉണ്ടാകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
ഫീസ് മുഴുവൻ നിർബന്ധിച്ച് അടപ്പിച്ചശേഷം അക്കാദമി അധികൃതർ ക്ലാസ് നടത്തിയില്ല. പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളും നൽകിയില്ല. വിദ്യാർഥികൾ ആദ്യം നടക്കാവ് പൊലീസിൽ പരാതി നൽകിയപ്പോൾ എത്രയും വേഗം പരിശീലനം നൽകി കോഴ്സ് പൂർത്തീകരിക്കാൻ സൗകര്യമൊരുക്കാമെന്ന് രേഖാമൂലം മാനേജ്മെൻറ് വാക്ക് നൽകിയെങ്കിലും പാലിച്ചില്ല.
തുടർന്നാണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. അതേസമയം, കോവിഡ് കാരണമാണ് ക്ലാസുകൾ നടക്കാതിരുന്നതെന്ന് ലക്മെ അക്കാദമി എച്ച്.ആർ മാനേജർ ടിറ്റു മാത്യു പറഞ്ഞു. യോഗ്യരായ പരിശീലകരെ ഉപയോഗിച്ച് ക്ലാസ് നടത്താൻ തയാറാണ്. രണ്ട് മാസത്തിനകം കോഴ്സ് പൂർത്തീകരിക്കാമെന്ന് പറഞ്ഞിട്ടും വിദ്യാർഥികൾ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, രണ്ട് വർഷമായി ക്ലാസ് നടത്താതെ രണ്ട് മാസം കൊണ്ട് ക്ലാസ് തീർക്കാമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും ഫീസ് തിരിച്ച് ലഭിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.