സംരക്ഷണ ഭിത്തിയുടെ പുനർനിർമാണം ആരംഭിച്ചു
text_fieldsപാലത്തിന്റെ സംരക്ഷണ ഭിത്തി പുനർനിർമിക്കുന്നു
കാരശ്ശേരി: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിലേക്ക് പതിച്ച സംഭവത്തിൽ സംരക്ഷണഭിത്തിയുടെ പുനർനിർമാണം ആരംഭിച്ചു. പാർശ്വഭിത്തി തകർന്ന് നാലുമാസത്തിന് ശേഷമാണ് നിർമാണമാരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി മുക്കം ചെറുവാടി എൻ.എം. ഹുസ്സൈൻ ഹാജി റോഡിൽ പുനർനിർമിക്കുന്ന കോട്ടമുഴി പാലത്തിന്റെ പാർശ്വഭിത്തി 2024 നവംബർ 18നാണ് പുഴയിലേക്ക് വീണത്. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തി 50 മീറ്ററിലധികം പുഴയിലേക്ക് പതിച്ചിരുന്നു.
നിലവിൽ മണ്ണ് പരിശോധന പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് നൽകിയ പുതിയ ഡിസൈൻ പ്രകാരമാണ് പ്രവൃത്തി. പെട്ടെന്ന് തകർന്നുവീഴാതിരിക്കാനായി ഗാബിയോൺ ടെക്നോളജിയാണ് നിർമാണത്തിന് സ്വീകരിച്ചിരിക്കുന്നത്. കൊടിയത്തൂർ നിവാസികളുടെ പ്രധാന ആശ്രയമായ ഈ റോഡ് പാലത്തിന്റെ പ്രവൃത്തിമൂലം മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു. 40 വർഷം മുമ്പ് നിർമിച്ച പാലത്തിന്റ കമ്പികൾ പുറത്തുചാടി സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പാലം പുനർനിർമിക്കുന്നത്.
ഗവ. സ്കൂളുകളും ആശുപത്രികളുമടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കൊടിയത്തൂരിലേക്കുള്ള ആശ്രയമായ റോഡിലെ പ്രവൃത്തി കാരണം വിദ്യാർഥികളടക്കം നിരവധി പേർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കൊടിയത്തൂർ ചെറുവാടി ഭാഗങ്ങളിലേക്ക് ബസ് സർവിസ് നിലച്ച അവസ്ഥയിലുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.