തകർന്ന വലതുകര മെയിൻ കനാൽ പുനർനിർമാണം തുടങ്ങി
text_fieldsകുറ്റ്യാടി: തകർന്ന കുറ്റ്യാടി വലതുകര മെയിൻ കനാൽ പുനർനിർമാണം തുടങ്ങി. മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാൽ തകർന്നത് കാരണം വടകര താലൂക്കിലാകെ ജലസേചനം നിലച്ചിരിക്കുകയാണ്. അടിയന്തരമായി ജലവിതരണം പുനരാരംഭിക്കാനുള്ള 20 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടന്നു വരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. കുന്നിൻപ്രദേശത്തുള്ള വെള്ളം ഒഴുകിപ്പോകാൻ കനാലിനടിയിലൂടെ നിർമിച്ച തുരങ്കത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കനാലിന്റെ അടിഭാഗം താഴ്ന്നുപോകുകയായിരുന്നു. തുരങ്കം പുനർനിർമിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. കോൺക്രീറ്റ് ചാലിനു പകരം രണ്ടടി വ്യാസമുള്ള ഈരണ്ട് പൈപ്പുകളാണ് സ്ഥാപിക്കുന്നത്. കനാൽ തകർന്ന് രൂപപ്പെട്ട വൻ കിടങ്ങും ഒലിച്ചുപോയ സൈഡ് ഭിത്തിയും കനാൽ റോഡും പുനഃസ്ഥാപിക്കണം. ഇതിന് എത്ര ദിവസം വേണ്ടിവരുമെന്ന് നിശ്ചയമില്ല. 20 മീറ്റർ നീളത്തിലും 10 മീറ്റർ ആഴത്തിലും കനാൽഭിത്തി തകർന്നതായാണ് ജലസേചന വകുപ്പ് സർക്കാറിന് നൽകിയ റിപ്പോർട്ട്.
കനാൽ തകർന്നതോടെ വടകര താലൂക്കിൽ കനാൽ ജലത്തെ ആശ്രയിക്കുന്ന നെൽകൃഷിക്കാരും കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാണ്. ഞാറുകൾ കരിഞ്ഞുണങ്ങുന്നതായും കിണറുകളിൽ ജലവിതാനം താഴ്ന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. 34 കിലോമീറ്റർ ദൂരമുള്ള കനാൽ പൂർണമായി അടച്ചിരിക്കുകയാണ്.
6000 ഹെക്ടർ കൃഷിഭൂമി നനക്കാനാണ് ഈ കനാൽ ഉപയോഗിക്കുന്നത്. ഇതിൽ 900 ഹെക്ടർ വേളത്താണ്. കൂടാതെ സ്വകാര്യ നഴ്സറികൾ ഏറെയുണ്ട്. കനാൽ തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒരു വീട്ടിൽ വെള്ളം കയറുകയും നാല് വീട്ടുപറമ്പുകളിൽ കല്ലും മണ്ണും വന്നടിയുകയും ചെയ്തിരുന്നു. അവ പൊതുജന സഹകരണത്തോടെ നന്നാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.