മൊയ്തു മൗലവി സ്മാരകത്തിൽ രേഖകൾ നശിക്കുന്നു
text_fieldsകോഴിക്കോട്: നൂറ്റാണ്ടിന്‍റെ സാക്ഷിയായ സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തുമൗലവിയുടെ കോഴിക്കോട് നഗരത്തിലെ സ്മാരകം വീണ്ടും അനാഥമായി. ചരിത്രപ്രാധാന്യമുള്ള രേഖകൾ നാശത്തിന്‍റെ വക്കിലാണ്. കെട്ടിടത്തിന്‍റെ നിർമിതിയിലുള്ള അപാകത കാരണം മഴയിൽ വെള്ളം അകത്തെത്തുന്നു. മുമ്പ് പാതി പണിയെടുത്ത് കാടു മൂടി അനാഥമായിരുന്ന കെട്ടിടം പൂർത്തിയാക്കി മ്യൂസിയമടക്കമുള്ളവ തുടങ്ങിയെങ്കിലും എല്ലാം പഴയപടിയായി.
ബീച്ചാശുപത്രിക്ക് സമീപം പഴയ കനോലി പാർക്കിൽ അരക്കോടിയോളം രൂപ ചെലവിലായിരുന്നു കെട്ടിടം പണിതത്. വൈദ്യുതിയും വെള്ളവുമില്ലാത്ത കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമാണ്. ഇരുട്ടിൽ മുങ്ങി പരിസരവാസികളുടെ ഉറക്കം കെടുത്തുന്ന കേന്ദ്രമായി മാറി. കെട്ടിടത്തിലെ മോട്ടോർ പ്രവർത്തിക്കുന്നില്ല. അഞ്ച് ശുചിമുറികളും വെറുതെ കിടക്കുന്നു. കുടിവെള്ളവും കിട്ടുന്നില്ല. ദിവസക്കൂലിക്കുള്ള കാവൽക്കാരൻ മാത്രമാണ് ഇപ്പോഴുള്ളത്. ലൈറ്റും ഫാനുമെല്ലാം കടൽക്കാറ്റിൽ തുരുമ്പെടുക്കുന്നു. സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം പഠിക്കാനും ഓർമകൾ പങ്കിടാനും സന്ദർശകരും വിദ്യാർഥികളും എത്തിയിരുന്ന കെട്ടിടത്തിൽ ഇപ്പോൾ ആരും തിരിഞ്ഞുനോക്കാറില്ല. 200 ലേറെ സന്ദർശകർ മാത്രമാണ് ഇതുവരെ കേന്ദ്രത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ലക്ഷങ്ങൾ ചെലവിട്ട കേന്ദ്രം പൊതുജനങ്ങൾക്ക് ഉപകാര പ്രദമാക്കുകയെങ്കിലും വേണമെന്ന് നഗരസഭ കൗൺസിലർ കെ.റംലത്ത് ആവശ്യപ്പെട്ടു. ഹാളും 200 ലേറെ കസേരകളും കേന്ദ്രത്തിൽ വെറുതെ കിടക്കുന്നുണ്ട്.
മൊയ്തുമൗലവിയുടെ കത്തുകൾ, സന്തത സഹചാരിയായിരുന്ന ഊന്നുവടി തുടങ്ങിയവയെല്ലാം പൊടിപിടിച്ചു. ആന്‍റണി സർക്കാറിന്‍റെ കാലത്ത് സ്മാരകത്തിന് ആശയമുദിച്ചെങ്കിലും 15 കൊല്ലം കഴിഞ്ഞാണ് നിർമാണം തുടങ്ങിയത്. ഉദ്ഘാടനശേഷം പി.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ നന്നായി മുന്നോട്ടുപോയെങ്കിലും ഇടക്ക് എല്ലാം താറുമാറായി. നോർത്ത് മണ്ഡലം എം.എൽ.എ ചെയർമാനായ സമിതിക്കാണ് നടത്തിപ്പ് ചുമതല. വാഹനങ്ങൾ നിർത്താനും മറ്റും എത്തുന്നവർ മാത്രമാണ് ഇപ്പോൾ മ്യൂസിയം വളപ്പിൽ കയറുന്നത്. കോവിഡിന് മുമ്പ് റിപ്ലബിക് ദിനത്തിൽ പതാക ഉയർത്തലും മറ്റും ഉണ്ടായിരുന്നുവെങ്കിലും അതും നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.