ശാസ്ത്രാവബോധം പകർന്ന് 25 വർഷം; സന്ദർശിച്ചത് 87 ലക്ഷം പേർ
text_fieldsകോഴിക്കോട്: മലബാറിന്റെ അഭിമാനമായി ഉയർന്ന മേഖല ശാസ്ത്രകേന്ദ്രത്തിനും പ്ലാനറ്റേറിയത്തിനും 25 വയസ്സ്. ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ കേന്ദ്രമായി മാറിയ പ്ലാനറ്റേറിയം 1997ജനുവരി 30ന് മുഖ്യമന്ത്രി ഇ.കെ. നായനാർ തുറന്നു കൊടുത്തശേഷം 87 ലക്ഷം പേർ സന്ദർശിച്ചതായാണ് കണക്ക്. കേന്ദ്ര സർക്കാറിന്റെ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന് കീഴിലുള്ള 26 ശാസ്ത്രകേന്ദ്രങ്ങളിൽ കേരളത്തിലുള്ള ഏക കേന്ദ്രമാണ് കോഴിക്കോട്ടേത്.
വർഷം 80,000ത്തിൽ താഴെ പേർ മാത്രം എത്തിയ,ഫൺ സയൻസ് ഹാൾ മാത്രമായിരുന്ന കേന്ദ്രം 5.6 ലക്ഷം പേർ എത്തുന്ന രാജ്യത്തെ പ്രമുഖ ശാസ്ത്ര കേന്ദ്രമായി മാറി. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് കൊല്ലമായി പരിപാടികൾ മിക്കതും ഓൺലൈനാണ്. രജതജൂബിലി ആഘോഷം 30ന് രാവിലെ 10.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ.ഡി. ചൗധരി അധ്യക്ഷത വഹിക്കും. സയൻസ് ഗാലറി, സയൻസ് പാർക്ക്, ജീവശാസ്ത്ര ഹാൾ, പ്ലാനറ്റേറിയം എന്നിവ മാത്രമായിരുന്നു തുടക്കത്തിൽ. എന്നാൽ, എച്ച്.ഡി.ത്രീഡി തിയറ്റർ, ഹൈബ്രിഡ് പ്ലാനറ്റേറിയം, സമുദ്ര ഗാലറി, ജ്യോതിശാസ്ത്ര ഗാലറി, മാന്ത്രിക കണ്ണാടി തുടങ്ങി 25 കൊല്ലത്തിനകം ശാസ്ത്രാവബോധം പകരുന്ന നിരവധി കാഴ്ചകളെത്തി.
സ്കൂൾ പാഠ്യപദ്ധതി അനുബന്ധമായാണ് പ്രവർത്തനം. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ 50ാം വാർഷിക ഭാഗമായി ടച്ച് ഡൗൺ മൂൺ തുടങ്ങി പ്രദർശനങ്ങളേറെ രൂപകൽപന ചെയ്തു.
പുതിയ ആശയങ്ങൾ പരിപോഷിപ്പിക്കാൻ 2015 മുതൽ ഇന്നവേഷൻ ഹബും പ്രവർത്തിക്കുന്നു. ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്കായി സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശന യൂനിറ്റുമുണ്ട്. ജില്ലക്ക് മാത്രമായി പ്രദർശനങ്ങളുമായി മറ്റൊരു ബസും സജ്ജീകരിച്ചു.
നിയന്ത്രണങ്ങളോടെ പ്രവേശനം
കോവിഡ് കാരണം സന്ദർശകരുടെ എണ്ണം പാതിയാക്കി നിയന്ത്രിച്ചിട്ടുണ്ട്. തിരുവോണവും ദീപാവലിയുമൊഴിച്ച് എല്ലാദിവസവും രാവിലെ 10നും വൈകീട്ട് ആറിനുമിടയിൽ അകത്ത് കയറാം. പ്രവേശനത്തിന് 30 രൂപ നൽകണം. ത്രീഡി പ്രദർശനമടക്കം മുഴുവൻ പ്രദർശനം കാണാൻ 70 രൂപയാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.