ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി
text_fieldsകോഴിക്കോട്: ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഉത്തരവ്. വാഹന വിൽപനക്കാർക്ക് തിരിച്ചടിയായ നിയമം സർക്കാറിന് ലക്ഷങ്ങളുടെ വരുമാനമാണ് ലഭ്യമാക്കുക.
ഉപയോഗിച്ച വാഹനങ്ങൾ വാങ്ങി വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയുമാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ സംസ്ഥാന ട്രാൻസ്പോർട്ട് വിഭാഗവും നിർദേശങ്ങൾ അറിയിച്ച് ഉത്തരവിറക്കി.
ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പോർട്ടൽ വഴി ഓതറൈസേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. അപേക്ഷ ഫീസായി 25,000 രൂപ അടക്കണം. അപേക്ഷ ലഭിച്ചാൽ ആവശ്യമായ പരിശോധനകൾക്കുശേഷം ഒരുമാസത്തിനകം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നൽകും. അഞ്ചുവർഷ കാലാവധിയാണ് ഇതിനുണ്ടാവുക.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ പാർക്കിങ് സ്ഥലം വേണം. വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് ജനങ്ങൾക്ക് കാണുന്ന വിധത്തിൽ വെക്കണം. ഓതറൈസേഷൻ സർട്ടിഫിക്കറ്റില്ലാതെ ഒരു സ്ഥാപനവും പ്രവർത്തിക്കുന്നില്ലെന്ന് എല്ലാ ജില്ല ആർ.ടി.ഒ, ജോയന്റ് ആർ.ടി.ഒമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് ട്രാൻസ്പോർട്ട് കമീഷണർ ശ്രീജിത്ത് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.