സിദ്ദീഖ് കാപ്പെൻറ മോചനം: പ്രതിഷേധ, ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു
text_fieldsകോഴിക്കോട്: ഒരു വർഷമായി യു.പി ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ മോചനം ആവശ്യപ്പെട്ട് കാപ്പൻ ഐക്യദാർഢ്യ സമിതി പ്രതിഷേധ സദസ്സും കാലിക്കറ്റ് പ്രസ്ക്ലബ് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യസംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സദസ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് വാഴ്ചയെ മാധ്യമങ്ങൾ ഗൗരവമായി കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പെൻറ മോചനത്തിന് ജനാധിപത്യ ബോധമുള്ള സമൂഹം ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമിതി ചെയർമാനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എൻ.പി. ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എ. സജീവൻ, ഡോ.പി.കെ. പോക്കർ, കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് ജില്ല സെക്രട്ടറി പി.എസ്. രാകേഷ്, എ.വാസു, വിളയോടി ശിവൻകുട്ടി, അംബിക, സിദ്ദീഖിെൻറ ഭാര്യ റൈഹാനത്ത്, റെനി ഐ ലിൻ എന്നിവർ സംസാരിച്ചു.
പ്രസ്ക്ലബ് സംഘടിപ്പിച്ച സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യസംഗമം എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം ജനങ്ങൾക്ക് സത്യസന്ധമായ വാർത്തകൾ അറിയാനുള്ള സ്വാതന്ത്ര്യമാണെന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന പ്രക്രിയ രാജ്യത്ത് അവസാനിച്ചിരിക്കുകയാണ്. പുറംലോകം അറിയാതെ നിരവധി സിദ്ദീഖ് കാപ്പന്മാർ രാജ്യത്ത് നീതി കിട്ടാതെ കഴിയുന്നുണ്ടെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്ക്ലബ് പ്രസിഡൻറ് എം.ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറർ ഇ.പി. മുഹമ്മദ്, എം.വി. ഫിറോസ്, കെ.സി. റിയാസ്, പി. വിപുൽനാഥ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.