വിമുക്തഭടന്മാർക്ക് ആശ്വാസം; ഭവന നികുതി ആനുകൂല്യം സംരക്ഷിച്ച് ഉത്തരവ്
text_fieldsകോഴിക്കോട്: വിമുക്തഭടന്മാരുടെ ഭവനനികുതി ആനുകൂല്യം നഷ്ടപ്പെടുന്നത് ഒഴിവാക്കി സർക്കാർ ഉത്തരവ്. സമയത്തിന് അപേക്ഷ നൽകിയില്ലെന്ന സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആനുകൂല്യം നഷ്ടപ്പെടുത്തുന്നതിന് തടയിട്ടാണ് അഞ്ചു വർഷത്തിലൊരിക്കൽ അപേക്ഷ നൽകിയാൽ മതിയെന്ന ഉത്തരവ് നൽകിയത്.
വിമുക്തഭടന്മാർ, ഭാര്യമാർ, വിധവകൾ, ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാന്മാർ/ ജവാന്മാരുടെ വിധവകൾ എന്നിവരുടെ ഭവന നികുതിയിളവിന് അർഹരായവർ ഓരോ വർഷവും മാർച്ച് 31നു മുമ്പായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്ക് നിർദിഷ്ട മാതൃകയിൽ സാക്ഷ്യപത്രം നൽകണമെന്നായിരുന്നു വ്യവസ്ഥ.
സാങ്കേതിക കാരണങ്ങൾകൊണ്ട് ഒരു ചെറിയ വിഭാഗത്തിനുമാത്രമേ ആനുകൂല്യം ലഭിച്ചിരുന്നുള്ളൂ. അതതു വർഷം അപേക്ഷ സമർപ്പിക്കുന്നതിന് പകരം ഇനി അഞ്ചു വർഷത്തിലൊരിക്കൽ അപേക്ഷ നൽകിയാൽ മതിയെന്നാണ് പുതിയ ഉത്തരവ്. വിമുക്തഭടന്മാരുടെ കെട്ടിടനികുതി ഇളവിനുള്ള അപേക്ഷ യഥാസമയം സമർപ്പിക്കാത്തതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആനുകൂല്യം നിരസിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാറിന് ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, തിരുവനന്തപുരം നഗരസഭ സെക്രട്ടറി എന്നിവർ, നികുതിയിളവിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി സംബന്ധിച്ച് സർക്കാറിന് ശിപാർശ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
താമസ കെട്ടിടം പിന്നീട് കൈമാറ്റം ചെയ്യുകയോ സ്വന്തം താമസ ആവശ്യത്തിന് അല്ലാതെ മറ്റ് ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താൽ രണ്ടിരട്ടി പിഴയോടുകൂടി നികുതി ഈടാക്കാമെന്നുള്ള സത്യവാങ്മൂലവും ലൈഫ് സർട്ടിഫിക്കറ്റുംകൂടി അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.