ആശ്വാസമായി; ജലവിതരണം പുനഃസ്ഥാപിച്ചു
text_fieldsകോഴിക്കോട്: അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രൂക്ഷമായ ജലസ്തംഭനം അനുഭവിച്ചവർക്ക് ആശ്വാസമായി വെള്ളംവിതരണം പുനഃസ്ഥാപിച്ചു.
ദേശീയപാതയിൽ വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് കഴിഞ്ഞ നാലു ദിവസമായി അടച്ച വിതരണമാണ് വെള്ളയാഴ്ച രാത്രി എട്ടരയോടെ തുറന്നതെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പി.സി. ബിജു അറിയിച്ചത്. വളരെ കുറഞ്ഞ അളവിലാണ് ഷട്ടർ തുറന്നതെന്നും ശനിയാഴ്ച രാവിലെ 11 മണിയോടെ എല്ലാ ഭാഗങ്ങളിലും വെള്ളമെത്തുമെന്നുമാണ് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചത്.
നവംബർ അഞ്ചു മുതലാണ് പ്രവൃത്തിയാരംഭിച്ചത്. വേങ്ങേരി, ഫ്ലോറിക്കൻ ഹിൽ റോഡ് ജങ്ഷനുകളിലെ ജെയ്കയുടെ പ്രധാന വിതരണ ലൈൻ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാല ഷട്ട്ഡൗൺ ചെയ്യുകയായിരുന്നു.
കോഴിക്കോട് കോർപറേഷനിലും ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ,തലക്കുളത്തൂർ,ചേളന്നൂർ, കക്കോടി,കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ,പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി ഗ്രാമ പഞ്ചായത്തുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും ജലവിതരണം പൂർണമായി മുടങ്ങി. വലിയ പ്രതിസന്ധിയിലൂടെയാണ് ജനങ്ങൾ കടന്നു പോയത്. തീരദേശ മേഖലകളിലും കോളനികളിലും ഫ്ലാറ്റുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാക്കിയിരുന്നു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും ജനങ്ങൾ പ്രയാസപ്പെട്ടു.
ശുദ്ധ ജലം ലഭിക്കാത്ത മേഖലകളില്‍ കോര്പറേഷന് രാത്രിയിലും ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്തതാണ് ആശ്വാസമായത്. ജലക്ഷാമമനുഭവിച്ച ദിവസങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ പോലും ഭയംതോന്നുന്നതായി വീട്ടമ്മമാർ പറയുന്നു. കടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനങ്ങൾ താളം തെറ്റി. സ്വകാര്യ വെള്ള വിതരണക്കാർ കിട്ടിയ അവസരം മുതലെടുത്ത് ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്തു. പ്രവൃത്തിയുടെ വെൽഡിങ് ജോലിക്കാണ് ഏറെ സമയമെടുത്തത്. വെള്ളം പമ്പ് ചെയ്ത് മർദപരിശോധന നടത്തിയശേഷമാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.