പുതുവത്സരം ആഘോഷിക്കാൻ നവീകരിച്ച ടൗൺഹാളും
text_fieldsകോഴിക്കോട്: നവീകരണത്തിനായി അടച്ച ടൗൺഹാൾ പുതുവത്സരത്തിനുമുമ്പ് തുറന്നുകൊടുക്കുമെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ പി.സി. രാജൻ. കസേര, കർട്ടൻ തുടങ്ങിയവ മാറ്റി സ്റ്റേജ് അറ്റകുറ്റപ്പണി നടത്താനും ഹാൾ പെയിന്റടിച്ച് വൃത്തിയാക്കലും ബാത്റൂം നന്നാക്കലുമായിരുന്നു നവീകരണ പദ്ധതിയിൽ ഉണ്ടായിരുന്നത്. ഇതിൽ കസേര മാറ്റൽ മാത്രമാണ് ബാക്കിയുള്ളത്. കസേരകൾ ഉടൻ എത്തുമെന്നും ഈ മാസം തന്നെ പൊതുപരിപാടികൾക്കായി ഹാൾ തുറന്നുകൊടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
തുറന്നുകൊടുക്കാൻ വൈകുന്നത് കലാകാരന്മാരെ പ്രതിസന്ധിയിലാക്കുകയാണ്. ടൗൺഹാളും ടാഗോർ ഹാളും അടച്ചതോടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നടത്താൻ മിതമായ നിരക്കിൽ വേദി കിട്ടാതെ പ്രയാസപ്പെടുകയാണ് കലാകാരൻമാർ. ഇത് തങ്ങളുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കുകയാണെന്ന് കലാകാരന്മാർ പറഞ്ഞു.
മൂന്നു മാസത്തിലേറെയായി ടൗൺഹാൾ അടച്ചിട്ട്. ടാഗോർ ഹാൾ രണ്ടു വർഷത്തിലേറെയായി പൂർണമായും അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. ഇതിനെതിരെ കലാകാരന്മാർ 24ന് നാലിന് ടൗൺഹാളിന് മുന്നിൽ ഒത്തുകൂടി പാട്ടുപാടി പ്രതിഷേധിക്കും.
ടൗൺഹാളടക്കം മാനാഞ്ചിറക്ക് ചുറ്റുമുള്ള പ്രദേശം പൈതൃക വീഥിയാക്കാൻ കോർപറേഷൻ ബജറ്റിൽ നിർദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ ടൗൺഹാളടക്കമുള്ള കെട്ടിടങ്ങൾ നവീകരിച്ച് ശുചിയോടെ പരിപാലിക്കുമെന്നാണ് വാഗ്ദാനം. ഇതിന്റെ ഭാഗമായി ടൗൺഹാൾ നവീകരിക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി കോർപറേഷൻ തയാറാക്കിയിരുന്നു. 1891 ജനുവരി 12ന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ ജൂബിലി ആഘോഷ ഭാഗമായാണ് ടൗൺഹാൾ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.