പുതിയ സ്റ്റാൻഡല്ല; ‘പൊട്ടിപ്പൊളിഞ്ഞ’ സ്റ്റാൻഡ്
text_fieldsകോഴിക്കോട്: ദിനേന നൂറുകണക്കിന് സ്വകാര്യ ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമെത്തുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് (പുതിയ ബസ് സ്റ്റാൻഡ്) പൊട്ടിപ്പൊളിഞ്ഞ നിലയിൽ. കാൽനടയാത്രക്കാരെ കെണിയിലാക്കുംവിധം പലഭാഗത്തെയും ടൈലുകൾ തകർന്നു. ട്രാക്കുകളോട് ചേർന്നുള്ള ടൈലുകളുടെ വശങ്ങൾ തകരുകയും ഇളകിമാറുകയും ചെയ്തതോടെ ബസിലേക്ക് കയറുന്ന യാത്രക്കാരും പ്രയാസപ്പെടുകയാണ്. പ്രധാന ഭാഗങ്ങളിലടക്കം കോൺക്രീറ്റ് തകർന്ന് ഉള്ളിലെ ഇരുമ്പുകമ്പികളടക്കം പുറത്തായ അവസ്ഥയിലാണ്. നരിക്കുനി ബസുകൾ നിർത്തുന്നതിനോട് ചേർന്നുള്ള സ്റ്റാൻഡിന്റെ നടുഭാഗത്തായാണ് കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തായത്. ഈ കുഴിയിൽ യാത്രക്കാർ ചാടിപ്പോയി കാലുകൾ ഉളുക്കുന്നതും കമ്പികൾ തട്ടി പരിക്കേൽക്കുന്നതും പതിവായി. സ്റ്റാൻഡിലെ ചുമരുകളിൽ പലഭാഗത്തും പോസ്റ്ററുകൾ നിറഞ്ഞും മുറുക്കിത്തുപ്പിയും അലങ്കോലമായിട്ടുണ്ട്. പൈപ്പുകൾ പൊട്ടിയതിനാൽ മഴവെള്ളം പലഭാഗത്തും ചോർന്നൊലിക്കുന്ന അവസ്ഥയുമുണ്ട്.
ദീർഘദൂര ബസുകൾ നിർത്തുന്ന കണ്ണൂർ, പാലക്കാട് ട്രാക്കുകളോട് ചേർന്നുള്ള ഇരിപ്പിടങ്ങൾ പലതും തകർന്നു. ഇരുമ്പ് കമ്പിയിൽ സ്ഥാപിച്ച ഇരിപ്പിടങ്ങൾ പലതും അടർന്നുപോയതോടെ കമ്പികൾ മാത്രമാണ് അവശേഷിക്കുന്നത്. സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള വഴികളിലെല്ലാം ബസുകളിൽ കയറ്റിയയക്കാനുള്ള പാർസലുകൾ നിരന്നിരിക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. സ്റ്റാൻഡിലെ മൂത്രപ്പുരയാണെങ്കിൽ ദുർഗന്ധപൂരിതവുമാണ്. സ്റ്റാൻഡിലെ കടകൾ തുടക്കത്തിൽ ലേലത്തിലെടുത്തവരല്ല ഇപ്പോൾ കച്ചവടം ചെയ്യുന്നവരിൽ ഭൂരിപക്ഷവും. മതിയായ പാർക്കിങ് സൗകര്യവും വഴികളുമില്ലാത്തതിനാൽ കച്ചവടം കുറഞ്ഞ സ്റ്റാൻഡിൽ മുമ്പുണ്ടായിരുന്ന റെഡിമെയ്ഡ് കടകളധികവും ഇപ്പോൾ ലോട്ടറിക്കടകളായി മാറി. മുകളിൽ ഷീറ്റിട്ടുകൊണ്ടുള്ള സ്റ്റാൻഡിന്റെ ഒരു ഭാഗത്തെ നിർമാണം കാരണം സ്ഥലം ഉപയോഗപ്പെടുത്താനാവാതെ ലക്ഷങ്ങളുടെ വരുമാന നഷ്ടവുമുണ്ടാകുന്നു.
നഗരത്തിൽ ഏറ്റവും കൂടുതൽ ബസുകളെത്തുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് മൂന്നു പതിറ്റാണ്ട് മുമ്പാണ് നിർമിച്ചത്. ആദ്യ വനിത മേയറായിരുന്ന ഹൈമവതി തായാട്ടിന്റെ കാലത്ത് 1988ൽ ശിലയിട്ട് 1993ലാണ് ഉദ്ഘാടനം ചെയ്തത്. സ്റ്റാൻഡ് ആധുനിക നിലവാരത്തോടെ നവീകരിക്കണമെന്നും യാത്രക്കാർക്ക് വിശ്രമകേന്ദ്രം, ക്ലോക്ക് റൂം, നിലവാരമുള്ള ശുചിമുറി അടക്കമുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. കോർപറേഷൻ നേരത്തേ നവീകരണത്തിന് പദ്ധതി തയാറാക്കിയെങ്കിലും മുന്നോട്ടുപോയില്ല. നിലവിൽ വീണ്ടും പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപടികൾ നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.