റെയിൽവേ സ്റ്റേഷൻ നവീകരണം; ഗതാഗത പരിഷ്കാരം ഇന്നു മുതൽ
text_fieldsകോഴിക്കോട്: റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികളുടെ ഭാഗമായുള്ള ഗതാഗത പരിഷ്കാരം ചൊവ്വാഴ്ച മുതൽ നടപ്പാക്കും. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം ഇനി അടച്ചിടും. ലിങ്ക് റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
റെയിൽവേ സ്റ്റേഷനിലേക്ക് കടക്കുന്നതിനായി പുതിയ വഴി ഒരുക്കിയിട്ടുണ്ട്. റെയിൽവേ കോമ്പൗണ്ടിനുള്ളിൽ തെക്കുഭാഗത്തായുള്ള എ.ടി.എം കൗണ്ടറുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനരികിലൂടെ അകത്തേക്ക് പ്രവേശിക്കണം.
ലിങ്ക് റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് എത്താറുള്ള വാഹനങ്ങൾ ഇനി ആനിഹാൾ റോഡിലൂടെ വന്ന് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കയറണം. ആൽമരത്തിനടുത്തായാണ് പുറത്തേക്കുള്ള പുതിയ വഴി ഒരുക്കുന്നത്.
പുതിയ വഴിയൊരുക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ താൽക്കാലികമായി പുറത്തേക്ക് കടക്കാൻ ബസ് സ്റ്റോപ്പിന് അടുത്തുള്ള പഴയ വഴി ഉപയോഗിക്കാം. ഓട്ടോറിക്ഷകൾക്ക് വടക്കുഭാഗത്തെ നിലവിലുള്ള വഴിയിലൂടെ അകത്തേക്ക് കടന്ന് പുതുതായി തുറന്ന വഴിയിലൂടെ പുറത്തേക്ക് പോകാം.
പാളയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ദീവാർ ഹോട്ടലിനു മുന്നിലൂടെ നാലാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം ഇതിനകം അനുവദിച്ചിട്ടുണ്ട്. നേരത്തെ പൂർണമായും അടച്ചിരുന്ന ഈ വഴിയിൽ പിന്നീട് ഇരുചക്രവാഹനങ്ങൾക്കു മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. ഇപ്പോൾ മുഴുവൻ വാഹനങ്ങൾക്കും ഇരുഭാഗത്തേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
അതേസമയം, പുതിയ പരിഷ്കാരം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് അഭിപ്രായം. ആനിഹാൾ റോഡിൽ അഴുക്കുചാൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി ഗതാഗതക്കുരുക്കിന് സാധ്യതയേറെയാണ്. കൂടാതെ റെയിൽവേ സ്റ്റേഷനിലേക്ക് കടക്കുന്നതും പുറത്തേക്ക് ഇറങ്ങുന്നതും ആനിഹാൾ റോഡ് റെയിൽവേ സ്റ്റേഷൻ റോഡുമായി ചേരുന്ന ജങ്ഷനിലാകുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.