സംവരണം നല്ലത്, പക്ഷേ...
text_fieldsകോഴിക്കോട്: ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച വനിതാസംവരണ ബിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിമരുന്നിടുകയാണ്. 1996 സെപ്റ്റംബർ 12ന് ദേവഗൗഡ സർക്കാർ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചതിന് ശേഷം പലതവണ അവതരിപ്പിക്കപ്പെട്ടുവെങ്കിലും പലതരം നാടകങ്ങൾക്കാണ് സഭ സാക്ഷ്യംവഹിച്ചത്. 2010ൽ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് ബിൽ രാജ്യസഭ പാസാക്കി.
ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായാണ് ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞും യാഥാർഥ്യമാകാത്ത ബിൽ മൂന്ന് പതിറ്റാണ്ടോളം സമസ്യയായി തുടർന്നു. ബിൽ യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെങ്കിലും തെരഞ്ഞെടുപ്പടുത്ത ഘട്ടത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന നാടകമായാണ് ഭൂരിഭാഗംപേരും ബില്ലിനെ വിലയിരുത്തുന്നത്.
മറ്റുള്ളവരുടെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുകയാണ് ബി.ജെ.പി -നൂർബിന റഷീദ്, വനിതലീഗ് ദേശീയ ജനറൽ സെക്രട്ടറി
വനിതാസംവരണ ബിൽ സ്വാഗതാർഹമാണ്. യു.പി.എ സർക്കാർ രാജ്യസഭയിൽ നേരത്തേ കൊണ്ടുവന്ന ബില്ലാണിത്. കാലങ്ങളായി ലോക്സഭയിൽ പാസാക്കപ്പെടാതെ കിടക്കുകയായിരുന്നു. വനിതാസംവരണ ബില്ലിനൊപ്പം തന്നെ ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ സംവരണത്തിനുള്ള ബില്ലുംകൂടി വരേണ്ടതായിരുന്നു. എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകണമല്ലോ. തെരഞ്ഞെടുപ്പ് തന്ത്രം എന്നനിലയിലാണ് ബില്ല് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയ ബിൽ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. അത് വലിയ മുന്നേറ്റമായിരുന്നു. മറ്റുള്ളവരുടെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുകയാണ് ബി.ജെ.പി ഇപ്പോൾ ചെയ്യുന്നത്. ഇതിൽ ആഘോഷിക്കാൻ മാത്രം ഒന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത്.
പിന്നിൽ, സ്ത്രീകളുടെ വോട്ട് വാങ്ങിക്കുക എന്ന അജണ്ട -കാനത്തിൽ ജമീല, കൊയിലാണ്ടി എം.എൽ.എ
സന്തോഷമുള്ള കാര്യംതന്നെയാണ്. വളരെ കാലമായി സംഘടനകൾ ഉയർത്തുന്ന ആവശ്യമാണിത്. പക്ഷേ, ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിച്ചതിൽ ദുരൂഹതയുണ്ടോ എന്ന് ചിന്തിക്കണം. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതുപോലെ സ്ത്രീകൾക്ക് തുല്യ അധികാരം അവകാശപ്പെടാമെന്നിരിക്കെ മൂന്നിലൊന്നുപോലും ഇതുവരെ ലഭിച്ചിട്ടില്ല.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കാൻ കഴിയുകയുമില്ല. എന്നിട്ടും ബിൽ അവതരിപ്പിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്യുന്നത്, വരുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് വാങ്ങിക്കുക എന്ന അജണ്ടയാണ് അതിന് പിന്നിലുള്ളത്. പക്ഷേ, ബിൽ നടപ്പായാൽ നല്ലകാര്യംതന്നെയാണ് എന്നതിൽ സംശയമില്ല.
സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം; ബി.ജെ.പി ലക്ഷ്യം രാഷ്ട്രീയനേട്ടം- കെ. അജിത,അന്വേഷി സ്ത്രീ വിമോചക പ്രവർത്തക
33 ശതമാനമല്ല, സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്നാണ് സ്ത്രീസംഘടനകളുടെ അഭിപ്രായം. ബിൽ രാജ്യസഭയിൽ പാസായിട്ട് നാളുകളായി. രാഷ്ട്രീയപാർട്ടികളെല്ലാം വൈമുഖ്യത്തോടുകൂടിയാണ് ഇതെല്ലാം ചെയ്യുന്നത്. ചാപിള്ളയായി കിടന്ന ബിൽ ബി.ജെ.പി സർക്കാർ പുറത്തെടുത്ത് പാസാക്കാൻ ശ്രമിക്കുന്നത് സംശയദൃഷ്ടിയോടെയാണ് ഞാൻ കാണുന്നത്. രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണ് ഇക്കാര്യം ചെയ്യുന്നത് എന്നകാര്യത്തിൽ സംശയമില്ല.
ആത്മാർഥതയോടെയാണ് ബി.ജെ.പി സർക്കാർ ബിൽ അവതരിപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മനുസ്മൃതി ഉയർത്തിപ്പിടിക്കുന്നവരാണ് ഇവർ. ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്നാണ് അതിൽ പറയുന്നത്. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന അവർ ഇക്കാര്യം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സംശയത്തോടെയാണ് ഇതിനെ ഞാൻ വീക്ഷിക്കുന്നത്.
മണ്ഡല പുനർനിർണയത്തിന് കാത്തിരിക്കുന്നതെന്തിന്? -വിദ്യാ ബാലകൃഷ്ണൻ, ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
വനിതാസംവരണ ബിൽ അവതരിപ്പിച്ചത് തീർച്ചയായും നല്ല കാര്യമാണ്. എന്നാൽ, മണ്ഡലപുനർനിർണയത്തിനുശേഷം മാത്രമേ നടപ്പാക്കൂ എന്ന് പറയുന്നതിൽ പ്രശ്നമുണ്ട്. 50 ശതമാനത്തിൽ കൂടുതൽ വനിതകൾ ആണെന്നിരിക്കെ പുനർനിർണയത്തിനുവേണ്ടി കാത്തിരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല.
വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആത്മാർഥമായും ആഗ്രഹിക്കുന്നുണ്ടെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽതന്നെ അത് നടപ്പാക്കണമായിരുന്നു. സംസ്ഥാനങ്ങളിൽ കോൺഗ്രസായാലും ഇടതുപാർട്ടികളായാലും ഇതിനെ പിന്തുണക്കുകയേ ഉള്ളൂ. പിന്നെ എന്തുകൊണ്ട് ബില്ലിലെ വ്യവസ്ഥകൾ ഇപ്പോൾതന്നെ നടപ്പിൽവരുത്തിക്കൂടാ എന്ന സംശയം മാത്രമേയുള്ളൂ.
തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് ബില്ലവതരിപ്പിക്കുന്നു. എന്നിട്ടും നടപ്പിൽ വരുത്തുന്നുമില്ല. മറ്റേത് ബില്ലാണെങ്കിലും പാസാക്കുന്നത് തൊട്ട് നടപ്പാക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ആത്മാർഥതയോടെയാണ് ബിൽ അവതരിപ്പിച്ചതെന്ന് കരുതാൻവയ്യ.
സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം മാത്രം- ഷൈറ പി. മാധവം, കവയിത്രി
10 വർഷം മുമ്പ് അധികാരത്തിലേറിയ സർക്കാർ ഭരണം അവസാനിപ്പിക്കാറാകുമ്പോഴാണ് ബില്ലുമായി മുന്നിലെത്തിയിരിക്കുന്നത്. സത്യത്തിൽ സന്തോഷം തോന്നേണ്ടതാണെങ്കിലും അങ്ങനെ തോന്നുന്നില്ല. സ്ത്രീസമൂഹത്തെ പാർശ്വവത്കരിച്ചുകൊണ്ട് മുന്നോട്ടുപോയ സർക്കാറാണ് ഇത്തരമൊരു ബിൽ അവതരിപ്പിച്ചിരിക്കുന്നത്.
മണിപ്പൂരും നാഗലാൻഡും ഗുജറാത്തിലുമൊക്കെ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് നമ്മൾ കണ്ടതാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സർക്കാറിന്റെ പ്രതിച്ഛായ, തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം മാത്രമായാണ് ഈ ബില്ലിനെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.