കോഴിക്കോട് കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം 'നായ്ക്കും നരിക്കുമില്ലാത്ത'അവസ്ഥയിൽ
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം അപകടത്തിലാണെന്നും ഉടൻ കെട്ടിടം ബലപ്പെടുത്തണമെന്നുമുള്ള മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ടിൻമേൽ നടപടി എടുക്കാനാവാതെ സർക്കാർ. ആദ്യം ഐ.ഐ.ടി റിപ്പോർട്ട് നടപ്പാക്കാൻ ഊർജിതനടപടി സ്വീകരിച്ച സർക്കാർ പലതരം വിവാദങ്ങൾ ഉയർന്നതോടെ നടപടികൾ നിർത്തിവെച്ചതാണ്. ഇതിനിടെ ഐ.ഐ.ടി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച സംസ്ഥാനത്തെ വിദഗ്ധസമിതി കെട്ടിടത്തിന് കാര്യമായ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകി.
സംസ്ഥാന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ഐ.ഐ.ടി വീണ്ടും മറുപടി കൊടുത്തതോടെ സർക്കാർ വെട്ടിലായി. സംസ്ഥാന ചീഫ് ടെക്നിക്കൽ എക്സാമിനർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടാണ് മദ്രാസ് ഐ.ഐ.ടി തള്ളിയത്. വിഷയം അനിശ്ചിതത്വത്തിലായതോടെ സംസ്ഥാന വിദഗ്ധ സമിതിയിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈ ഐ.ഐ.ടിയിൽ പോയി സ്ട്രക്ചറൽ എൻജിനീയറിങ് മേധാവി അളകസുന്ദരമൂർത്തിയുമായി കൂടിക്കാഴ്ചക്കുപോയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
അതിനിടെ ബലക്ഷയത്തിന്റെ പേരുപറഞ്ഞ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കേണ്ട വരുമാനം മുടങ്ങൽ അനിശ്ചിതമായി തുടരുകയാണ്. പ്രതിമാസം 43.20 ലക്ഷം രൂപ നിശ്ചയിച്ച് അലിഫ് ബിൽഡേഴ്സിന് വ്യാപാരസമുച്ചയം കൈമാറിയത് കഴിഞ്ഞ ആഗസ്റ്റിലാണ്.
ഒക്ടോബറിലാണ് ഐ.ഐ.ടി റിപ്പോർട്ട് വരുന്നത്. അതോടെ അലിഫ് ബിൽഡേഴ്സിന് വാടക നൽകുന്നതിന് മൊറട്ടോറിയം നീട്ടിക്കൊടുത്തു. ഫലത്തിൽ ഏഴു വർഷമായി തുടരുന്ന വരുമാന നഷ്ടം അനിശ്ചിതമായി നീളുകയാണ്. 2015ൽ ഉദ്ഘാടനം ചെയ്ത വ്യാപാരസമുച്ചയമാണ് 'നായ്ക്കും നരിക്കുമില്ലാത്ത' അവസ്ഥയിൽ കിടക്കുന്നത്. 200 കോടിയിലേറെ രൂപയുടെ ബാധ്യത ഇപ്പോൾ ഈ കെട്ടിടത്തിന്റെ പേരിൽ സർക്കാറിനുണ്ട്. സർക്കാർ ധനകാര്യസ്ഥാപനമായ കെ.ടി.ഡി.എഫ്.സിയാണ് പണം മുടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.