സാഹിത്യ നഗരത്തിന് കലയഴക്
text_fieldsകോഴിക്കോട്: റവന്യൂ ജില്ല കലോത്സവത്തിന് വർണാഭ തുടക്കം. നവംബർ 23വരെ നഗരത്തിലെ 20 വേദികളിലായാണ് കലാമേള. മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ വൈക്കം മുഹമ്മദ് ബഷീർ വേദിയിൽ സാഹിത്യകാരൻ ബെന്യാമിൻ മേള ഉദ്ഘാടനം ചെയ്തു.
ഞാനും നീയും ഇല്ലാതെ നമ്മളൊന്നായി ബഹുസ്വരത വളർത്തണമെന്നും കോഴിക്കോടിന്റെ ആ മഹത്തര പാരമ്പര്യം സംസ്ഥാനമാകെ വ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ പാഠങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും കലയും സാഹിത്യവുമൊന്നും വേണ്ടെന്നും കരുതുന്ന ചെറിയൊരു വിഭാഗമെങ്കിലും രക്ഷിതാക്കൾ നമുക്കിടയിലുണ്ട്. ഭൗതിക, മാനവിക, സർഗാത്മക, ആത്മീയ വളർച്ചയാണ് ഒരാളെ നല്ല വ്യക്തിയാക്കുന്നതെന്ന് അത്തരക്കാർ മനസിലാക്കണം.
കുട്ടികൾക്ക് എല്ലാത്തിലും എ പ്ലസ് ലഭിക്കുമ്പോൾ പോലും അവരിൽ മാനസിക വളർച്ചയുണ്ടാകുന്നില്ല. അതാണ് പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിൽ അവർ പകച്ചുപോകാൻ കാരണം. പരീക്ഷയിൽ തോറ്റാൽ ജീവിതം തീർന്നു എന്നെല്ലാമാണ് അവർ കരുതുന്നത്. കുട്ടികളിൽ സർഗാത്മകത വളർത്തി ഇതിനെയെല്ലാം മറികടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷതവഹിച്ചു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി. രേഖ, കൗൺസിലർ കെ. റംലത്ത്, ആർ.ഡി.ഡി. എം. സന്തോഷ് കുമാർ, പി.ആർ. അപർണ, കെ. അബ്ദുൽ നാസർ, ഡോ. അബ്ദുൽ ഹക്കിം, വി.വി വിനോസ്, സി.കെ. രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഡി.ഡി.ഇ മനോജ് മണിയൂർ സ്വാഗതവും സീകരണ കമ്മിറ്റി കൺവീനർ കെ. സുധിന നന്ദിയും പറഞ്ഞു.
മുഖ്യവേദിക്കരികിൽ ഡി.ഡി.ഇ മനോജ് മണിയൂർ പതാക ഉയർത്തിയതിനു പിന്നാലെയായിരുന്നു ഉദ്ഘാടന ചടങ്ങ്. സംഗീത അധ്യാപകരുടെ സ്വാഗത ഗാനവതരണവും അധ്യാപികമാരുടെ നൃത്താവിഷ്കാരവും മുഖ്യവേദിയിൽ അരങ്ങേറി. 319 ഇനങ്ങളിൽ എട്ടായിരത്തോളം പ്രതിഭകളാണ് മേളയിൽ മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.