ചോറും തിന്നണ്ട; വയറ്റത്തടിച്ച് അരിവില കൂടുന്നു
text_fieldsകോഴിക്കോട്: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം അരിക്കും വില കുത്തനെ കൂടി. കിലോക്ക് 32 രൂപയുണ്ടായിരുന്ന വെള്ളക്കുറുവക്ക് 38 ആയി. മഞ്ഞക്കുറുവക്ക് 30 ൽനിന്ന് 36 ആയും തമിഴ്നാട് കുറുവക്ക് 27.50രൂപയിൽ നിന്ന് 30ആയും കല്യാണാവാശ്യങ്ങൾക്കുപയോഗിക്കുന്ന ശിവശക്തി ബ്രാൻഡ് അരിക്ക് 36ൽനിന്ന് 42 രൂപയായും മൊത്ത വില വർധിച്ചു. 30 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് 34മുതൽ 38.50 രൂപവരെ വർധിച്ചിട്ടുണ്ട്.
ചില്ലറ വില കിലോക്ക് അഞ്ചു രൂപ വരെ അധികമാവും. റേഷനരി കുറയുകയും സർക്കാറിെൻറ സൗജന്യകിറ്റു നിലക്കുകയും ചെയ്ത സാഹചര്യത്തിൽ സാധാരണക്കാരെൻറ വയറ്റത്തടിക്കുന്നതാണ് അരിവില വർധന. കയമ അരി വില അനിയന്ത്രിതമായി കൂടിയതും വിവാഹസീസണിൽ സാമ്പത്തികഭാരം കൂട്ടി. എട്ട് രൂപവരെ കയമ അരിക്ക് കിലോക്ക് മൊത്തവിലയിൽ വർധനവുണ്ട്. 65 മുതൽ 95 രൂപവരെയാണ് കയമയിനങ്ങളുടെ മൊത്ത വില. ബംഗാളിൽ നിന്നാണ് കയമയുടെ വരവ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതും കഴിഞ്ഞ രണ്ട് വർഷം നേരിട്ട നഷ്ടം നികത്താൻ കമ്പനികൾ വില കൂട്ടിയതും കയമക്ക് വില കൂടാൻ കാരണമായി എന്നാണ് വ്യാപാരികൾ പറയുന്നത്. അരിവില കൂടിയതോടെ വിൽപനയും കുറഞ്ഞു.
രണ്ട് നേരം ചോറ് തിന്നുന്ന മലയാളിയുടെ ശീലത്തിൽ വലിയ മാറ്റം വന്നുകൊണ്ടിരിക്കയാണ്. ഇതോടെ ചപ്പാത്തിപ്പൊടിയുൽപാദനം കൂടിയിട്ടുണ്ട്. റെഡിമെയ്ഡ് ചപ്പാത്തി വിൽപന അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.